World
യുഎന്‍ ആസ്ഥാനത്ത് മോദിക്കെതിരെ വന്‍ പ്രതിഷേധം; ഗോബാക്ക് വിളി
World

യുഎന്‍ ആസ്ഥാനത്ത് മോദിക്കെതിരെ വന്‍ പ്രതിഷേധം; ഗോബാക്ക് വിളി

Web Desk
|
27 Sep 2021 5:32 PM GMT

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍, ഹിന്ദൂസ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്, ന്യൂയോര്‍ക്ക് സിഖ് കൗണ്‍സില്‍ തുടങ്ങി 21 സംഘടനകളുടെ ആഭിമുഖ്യത്തിലാണ് യുഎന്‍ ആസ്ഥാനത്ത് പ്രതിഷേധം നടന്നത്

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ വന്‍പ്രതിഷേധമാണ് നേരിട്ടത്. ഇന്ത്യയില്‍ തുടരുന്ന ന്യൂനപക്ഷവേട്ടയില്‍ പ്രതിഷേധിച്ച് നൂറുകണക്കിനുപേരാണ് മോദി എത്തുമ്പോള്‍ യുഎന്‍ ആസ്ഥാനത്തിനുമുന്‍പില്‍ തടിച്ചുകൂടിയത്. 'കൂട്ടക്കൊലയാളി മോദിക്ക് യുഎസ് മണ്ണില്‍ ഇടമില്ല', 'ഗോ ബാക്ക് മോദി' തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു ജനങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റത്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിനുമുന്‍പില്‍ മോദിക്കെതിരെ വന്‍പ്രതിഷേധം അലയടിച്ചത്. ഇന്ത്യയില്‍ മുസ്‌ലിം, ദലിത്, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സര്‍ക്കാരിന്റെ ഫാസിസ്റ്റ് ശൈലി, മാധ്യമങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിയമവിരുദ്ധമായ അറസ്റ്റുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം അരങ്ങേറിയത്.

മോദിയെ അറസ്റ്റ് ചെയ്യുക, മോദി വൈറസ് കൊറോണ വൈറസിനെക്കാളും അപകടകാരിയാണ്, മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്, യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ട ആക്രമണം നടത്തില്ല തുടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തിയായിരുന്നു നൂറുകണക്കിനുപേര്‍ ഇവിടെ തടിച്ചുകൂടിയത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളിലും പ്രതിഷേധമുയര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് ദിനംപ്രതി നടക്കുന്ന പീഡനസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയും പ്രതിഷേധ യോഗത്തില്‍ സംസാരിച്ചവര്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.


അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്റര്‍, അംബേദ്കര്‍ കിങ് സ്റ്റഡി സര്‍ക്കിള്‍, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍, കൊലീഷന്‍ എഗെയ്ന്‍സ്റ്റ് ഫാസിസം ഇന്‍ ഇന്ത്യ, ദലിത് സോളിഡാരിറ്റി ഫോറം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഹിന്ദൂസ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ഇന്ത്യാ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍, ഇന്റര്‍നാഷനല്‍ കമ്മീഷന്‍ ഫോര്‍ ദലിത് റൈറ്റ്‌സ്, ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്, ന്യൂയോര്‍ക്ക് സിഖ് കൗണ്‍സില്‍, മുസ്‌ലിം കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ്, സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഹിന്ദുത്വ ഐഡിയോളജി തുടങ്ങി 21 സംഘടനകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.

Similar Posts