World
Husbands body in basement of flat for 24 hours, The wife of a Malayali who was shot dead in Sudan seeking help
World

'ഭർത്താവിന്റെ മൃതദേഹം 24 മണിക്കൂറായി ഫ്ലാറ്റിന്റെ അടിത്തട്ടിൽ'; മാറ്റാൻ സഹായം തേടി സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ ഭാര്യ

Web Desk
|
16 April 2023 3:17 PM GMT

ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നും സൈബല്ല ഓഡിയോ സന്ദേശത്തിൽ പറയുന്നു.

ഖാർത്തൂം: ഭർത്താവിന്റെ മൃതദേഹം മാറ്റാൻ സഹായം അഭ്യർഥിച്ച് സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയായ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം നീക്കാൻ സാധിച്ചിട്ടില്ല. ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നും സൈബല്ല ഓഡിയോ സന്ദേശത്തിൽ പറയുന്നു. മൃതദേഹം കൊണ്ടുവരാനും തങ്ങൾക്ക് നാട്ടിലെത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സഹായം ചെയ്യണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.

'അപകടമുണ്ടായിട്ട് ഏകദേശം 24 മണിക്കൂർ കഴിഞ്ഞു. ഇതുവരെ ആംബുലൻസ് വന്നിട്ടില്ല. ബോഡി ഇതുവരെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. ഞാനും മോളുമുണ്ട്. ഹസ്‌ബെന്റിന്റെ കൂടെ വർക്ക് ചെയ്തിരുന്നൊരാൾ കൂടെയുണ്ട്. അയാളുടെ റൂമിലായിരുന്നു രാത്രിയിൽ. അവിടെ സുരക്ഷിതമല്ലാത്തതിനാൽ ഇപ്പോൾ ബേസ്‌മെന്റിലാണുള്ളത്. ആർക്കും ഞങ്ങളെ കോൺടാക്ട് ചെയ്യാനോ അടുത്ത് വരാനോ സാധിച്ചിട്ടില്ല. ഞങ്ങളിങ്ങനെ നിസഹായരായി വെള്ളം മാത്രം കുടിച്ച് ഇരിക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ഞങ്ങളെ സഹായിക്കണം'- എന്നാണ് ഭാര്യയുടെ ശബ്ദസന്ദേശം.

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഇന്നലെയാണ് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിനുള്ളിൽ നിന്ന് മകനു ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഫ്ലാളാറ്റിന് മുന്നിൽ ബഹളം കേൾക്കുകയും ഇത് എന്താണെന്ന് നോക്കാനായി ജനലിനരികിലേക്ക് എത്തിയപ്പോഴായിരുന്നു വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെടിയേറ്റ വിവരം ഭാര്യയാണ് നാട്ടിലേക്ക് വിളിച്ചറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യയും ഒമ്പതാംക്ലാസ് വിദ്യാർഥിയായ മകളും സുഡാനിലേക്ക് പുറപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇരുവരേയും ബങ്കറിലേക്ക് മാറ്റിയെന്നായിരുന്നു വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നത്. അതിനിടയിലാണ് ഇപ്പോൾ ഭാര്യയുടെ ശബ്ദസന്ദേശം പുറത്തുവരുന്നത്. ഭർത്താവിന്റെ അടുത്തുനിന്നും തിരികെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തിന് വെടിയേൽക്കുന്നത്.

ഇവരുമായി ബന്ധപ്പെടാൻ ഇന്ത്യൻ എംബസിയും കണ്ണൂർ കലക്ടറും ശ്രമിച്ചുവരികയാണ്. വെടിവെപ്പ് രൂക്ഷമായ സുഡാനിൽ ഇടപെടൽ നടത്തുന്നതിന് എംബസിക്ക് പരിമിതിയുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. അതേസമയം, ആൽബർട്ട് താമസിക്കുന്ന സ്ഥലം വിമത സെന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടേക്കെത്താൻ ഇന്ത്യൻ എംബസിയും കമ്പനിയും പലതവണ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നും സുഡാനിൽ ജോലി ചെയ്യുന്ന മലയാളിയായ മുഹമ്മദ് ഷെഫീഖ് മീഡിയവണിനോട് പറഞ്ഞു.

എംബസിയുമായും അംബാസിഡറുമായും തങ്ങൾ ബന്ധപ്പെട്ടിരുന്നു. അവരെല്ലാം ഈ പ്രശ്‌നമാണ് പറഞ്ഞത്. വാഹനങ്ങളൊന്നും അവിടേക്ക് കടത്തിവിടുന്നില്ലെന്നും അഞ്ച് തവണ ആംബുലൻസ് അയച്ചെങ്കിലും ഫ്ലാറ്റ് നിൽക്കുന്ന ഭാ​ഗത്തേക്ക് കടത്തിവിട്ടില്ലെന്നും അവർ അറിയിച്ചു. റെഡ് ക്രസന്റുമായോ അതുപോലുള്ള ഏതെങ്കിലും അന്തർദേശീയ ഏജൻസിയുമായോ ബന്ധപ്പെട്ട് സഹായം തേടുന്നതാണ് ഉചിതമായ കാര്യം. ആ രീതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തിയാൽ നന്നാവുമെന്നാണ് പ്രതീക്ഷ- അദ്ദേഹം വിശദമാക്കി.




Similar Posts