'അധികാരമില്ലാത്ത ഞാന്‍ അപകടകാരി, ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കില്ല': ഇംറാന്‍ ഖാന്
|പെഷവാറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇംറാന്‍ ഖാന്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി ഇംറാന്‍ ഖാന്. അധികാരത്തിലുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇനി കൂടുതല്‍ അപകടകാരിയാകും എന്നാണ് ഇംറാന്‍ പറഞ്ഞത്. പെഷവാറിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇംറാന്‍ ഖാന്.
തനിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് പാതിരാത്രിയില്‍ പാക് സുപ്രിംകോടതി ചേര്‍ന്നത് എന്തിനായിരുന്നുവെന്നാണ് ഇംറാന്റെ ചോദ്യം. തനിക്കെതിരെ ഗൂഢാലോചന നടന്നു. കോടതി സ്വതന്ത്രമായി പ്രവര്‍ത്തിച്ചില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്ന് ഇംറാന്‍ റാലിയില്‍ ചോദിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും നിയമ വ്യവസ്ഥക്കെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിട്ടില്ലെന്നും ഇംറാന്‍ ഖാന് പറഞ്ഞു.
ഇപ്പോള്‍ പാകിസ്താനിലുള്ളത് ഇറക്കുമതി സര്‍ക്കാരാണെന്ന് ഇംറാന്‍ ഖാന് കുറ്റപ്പെടുത്തി. പുതിയ സര്‍ക്കാരിനെതിരെ നടത്തിയ പ്രകടനങ്ങളിലൂടെ ജനങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യമെന്ന് വ്യക്തമാക്കി. പാകിസ്താനില്‍ ഇതിനു മുന്‍പ് നേതാക്കളെ പുറത്താക്കിയപ്പോഴെല്ലാം ജനങ്ങൾ ആഘോഷിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ ജനകീയ പ്രതിഷേധമാണ് നടന്നതെന്നും ഇംറാന്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പാകിസ്താനില്‍ തന്നെ പിന്തുണച്ച് നടന്ന റാലികൾ സൂചിപ്പിച്ചാണ് ഇംറാന്റെ പരാമര്‍ശം.
തന്നെ നീക്കാന്‍ വിദേശ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇംറാന്‍ ഖാന് നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. പുതിയ സര്‍ക്കാരിനെ അടിച്ചേല്‍പ്പിച്ച് അമേരിക്ക പാകിസ്താനെ അപമാനിച്ചു. അമേരിക്ക ഗൂഢാലോചനയിലൂടെ സുൽഫിക്കർ അലി ഭൂട്ടോയെ പുറത്താക്കി. എന്നാലിത് 1970ലെ പാകിസ്താനല്ല, പുതിയ പാകിസ്താനാണെന്നും ഇംറാന്‍ പറഞ്ഞു.
അതേസമയം കോടതിക്കെതിരായ ഇംറാന്റെ പ്രസ്താവനകളെ വിമര്‍ശിച്ച് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പിഎംഎല്‍ (നവാസ് വിഭാഗം) നേതാവ് അഹ്സാന് ഇഖ്ബാല്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഭരണഘടനാ ലംഘനം നടന്നുന്നതു കൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടിവന്നതെന്ന് ഇരുവരും പറഞ്ഞു.
Summary- Days after he was ousted from power, former Pakistan prime minister Imran Khan warned that he would become 'more dangerous'.