World
ഞാനും മനുഷ്യനാണ്, അല്‍പ്പം സന്തോഷമൊക്കെ ആഗ്രഹിക്കുന്നുണ്ട്: വികാരഭരിതയായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി
World

'ഞാനും മനുഷ്യനാണ്, അല്‍പ്പം സന്തോഷമൊക്കെ ആഗ്രഹിക്കുന്നുണ്ട്': വികാരഭരിതയായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി

Web Desk
|
28 Aug 2022 6:44 AM GMT

'അത് സ്വകാര്യതയാണ്, സന്തോഷമാണ്, ജീവിതമാണ്. പക്ഷേ ഒരു ദിവസത്തെ ജോലി പോലും ഞാൻ മുടക്കിയിട്ടില്ല'

പാര്‍ട്ടി വിവാദത്തില്‍ വൈകാരിക പ്രതികരണവുമായി ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീന്‍. താനും മനുഷ്യനാണെന്നും ഈ ഇരുണ്ട കാലത്ത് അല്‍പ്പം സന്തോഷവും വിനോദവും ആഗ്രഹിക്കുന്നുണ്ടെന്നും സന്ന മരീന്‍ പറഞ്ഞു. പക്ഷേ അതിന്‍റെ പേരില്‍ ഒരു ദിവസത്തെ ജോലി പോലും താൻ മുടക്കിയിട്ടില്ലെന്നും സന്ന മരീന്‍ വ്യക്തമാക്കി.

'ഞാനുമൊരു മനുഷ്യനാണ്. ഈ ഇരുണ്ട കാലത്ത് എനിക്കും അൽപ്പം സന്തോഷവും വിനോദവും വേണമെന്ന ആഗ്രഹമുണ്ട്. ഞാൻ കാണാൻ ഇഷ്ടപ്പെടാത്ത ചിത്രങ്ങളും വിഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. നിങ്ങൾക്കും അവ കാണാൻ ഇഷ്ടമായിരിക്കില്ലെന്ന് എനിക്ക് അറിയാം. അത് സ്വകാര്യതയാണ്, അത് സന്തോഷമാണ്, അത് ജീവിതമാണ്. പക്ഷേ ഒരു ദിവസത്തെ ജോലി പോലും ഞാൻ മുടക്കിയിട്ടില്ല. ഞാന്‍ ചെയ്യേണ്ടതൊന്നും ചെയ്യാതിരുന്നിട്ടില്ല. അങ്ങനെ ഒരിക്കലും സംഭവിക്കുകയുമില്ല' -സന്ന പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി നടത്തിയ സ്വകാര്യ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാർട്ടിക്കിടെ സന്ന മരീൻ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നവയില്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചതോടെയാണ് പാര്‍ട്ടി വിവാദമായത്. ഭരണത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പാർട്ടിക്കു പോകാനാണ് പ്രധാനമന്ത്രിക്ക് താൽപര്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ സന്നയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.

എന്നാല്‍ സന്ന മരീൻ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു. മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമായി. 2019 ഡിസംബറിലാണ് സന്ന മരീന്‍ ഫിൻലൻഡ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. 34ആം വയസ്സില്‍ പ്രധാനമന്ത്രിയായ, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മരീന്‍.


Similar Posts