'ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാകാൻ സഹായിച്ചു, അതിൽ ഖേദിക്കുന്നു'; പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ
|2018 ആഗസ്റ്റിലാണ് ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായത്
ഇസ്‌ലാമാബാദ്: പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാകാൻ സഹായിച്ചത് താനാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. എന്നാൽ അതിൽ ഖേദമുണ്ടെന്നും ജാവേദ് മിയാൻദാദ് പറഞ്ഞതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയാകാൻ സഹായിച്ചെങ്കിലും ഒരിക്കൽ പോലും അതിന് തന്നോട് നന്ദി പറഞ്ഞിട്ടില്ലെന്നും ജാവേദ് മിയാൻദാദ് വെളിപ്പെടുത്തി.
തന്റെ പിതാവിന് ക്രിക്കറ്റിനോട് ഇഷ്ടമായിരുന്നെന്നും താനും സഹോദരന്മാരും തെരുവുകളിലും മറ്റും കളിച്ചു നടന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ടീമിനായി കളിക്കുമ്പോഴെല്ലാം ടീം തോറ്റാലും മാർജിൻ കുറയ്ക്കാനാണ് താൻ ശ്രമിച്ചതെന്ന് ജാവേദ് മിയാൻദാദ് പറഞ്ഞു. ഒരു കളിക്കാരും തന്റെ ക്യാപ്റ്റൻസിയെ എതിർത്തിട്ടില്ലെന്നും എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2018 ആഗസ്റ്റിലാണ് ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായത്. എന്നാൽ നാല് വർഷം പൂർത്തിയാക്കുന്നതിന് മുമ്പ്, 2022 ഏപ്രിലിൽ, ഒരു അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കുകയായിരുന്നു.