World
ജീവൻ രക്ഷിച്ചത് ഐ-ഫോൺ; യുക്രൈൻ സൈനികന്റെ വീഡിയോ വൈറൽ
World

ജീവൻ രക്ഷിച്ചത് ഐ-ഫോൺ; യുക്രൈൻ സൈനികന്റെ വീഡിയോ വൈറൽ

Web Desk
|
17 July 2022 12:23 PM GMT

സൈനികൻ തന്റെ ബാഗിൽനിന്നും വെടിയുണ്ടയേറ്റ ഐഫോൺ പുറത്തെടുക്കുന്നതായി വീഡിയോയിൽ കാണാം

കിയവ്: യുക്രൈൻ റഷ്യ യുദ്ധ മുഖത്ത് നിന്നുള്ള അനവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ ഏറ്റവും പുതിയ വീഡിയോയാണ് അത്ഭുതകരമായി റഷ്യൻ വെടിയുണ്ടയിൽ നിന്നും ജീവൻ രക്ഷപ്പെട്ട യുക്രൈൻ സൈനികന്റെ വീഡിയോ. ഐ-ഫോൺ 11 പ്രോയാണ് റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈൻ സൈനികന്റെ ജീവൻ രക്ഷിച്ചത്.

റഷ്യൻ സൈനികൻ ഉതിർത്ത വെടിയുണ്ട യുക്രൈൻ സൈനികന്റെ ഐ-ഫോണിലാണ് പതിച്ചത്. സൈനികൻ തന്റെ ബാഗിൽനിന്ന് വെടിയുണ്ടയേറ്റ ഐഫോൺ പുറത്തെടുക്കുന്നതായി വീഡിയോയിൽ കാണാം. ചീറി പാഞ്ഞടുത്ത വെടിയുണ്ട ഒരു പക്ഷെ സൈനികന്റെ ജീവനെടുക്കുമായിരുന്നു. എന്തായാലും ഐ-ഫോൺ ഇവിടെ ഒരു സൈനികന്റെ ജീവൻ രക്ഷിച്ചുവെന്നത് ചെറിയകാര്യമല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും കാണാൻ സാധിക്കും. 'ഐ-ഫോൺ അല്ലെങ്കിലും എന്തുകൊണ്ടും നല്ലതാണ്, ഐ-ഫോൺ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചതിൽ സന്തോഷമുണ്ട്''- ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചു. സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് എന്തുകൊണ്ട് ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ഉണ്ടാക്കിക്കൂടാ എന്നായിരുന്നു മറ്റൊരാളുടെ രസകരമായ ചോദ്യം.

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നും ഇല്ലാത്ത സമയത്താണ് ഇത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ശനിയാഴ്ച തെക്കൻ യുക്രൈനിയൻ നഗരമായ നിക്കോപോളിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തി. രണ്ട് പേർക്ക് പരിക്കേറ്റതായും രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും യുക്രൈനിയൻ എമർജൻസി സർവീസ് അറിയിച്ചു.

ഡൊനെറ്റ്സ്‌കിന്റെ കിഴക്കൻ മേഖലയിലെ 10 സ്ഥലങ്ങളിൽ നടന്ന ഷെല്ലാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വെള്ളിയാഴ്ച യുക്രൈൻ അറിയിച്ചു. അതിന് ഒരു ദിവസം മുമ്പ്, കരിങ്കടലിലെ റഷ്യൻ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച കലിബർ ക്രൂയിസ് മിസൈലുകൾ വിന്നിറ്റ്‌സിയയിലെ ഓഫീസ് കെട്ടിടത്തിൽ ഇടിച്ചതായും യുക്രൈൻ വ്യക്തമാക്കി. ഇതിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഫെബ്രുവരി 24 നാണ് റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിക്കുന്നത്. തങ്ങൾ ലക്ഷ്യമിടുന്നത് യുക്രൈൻ സൈന്യത്തെയാണെന്നും സാധാരണ ജനങ്ങളെയല്ലെന്നും മോസ്‌കോ ആവർത്തിച്ച് വാദിച്ചു. എന്നാൽ റഷ്യയുടെ വാദങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ പാടെ തള്ളിക്കളയുകയായിരുന്നു. റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചതോടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പ്രസ്താവനയിൽ പറഞ്ഞു. പതിനായിരക്കണക്കിന് സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Similar Posts