World
ഞാനാണ് അവർക്ക് ഭക്ഷണവും അഭയവും നൽകിയത്; നിങ്ങളല്ല; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നിർത്തിപ്പൊരിച്ച് റൊമാനിയൻ മേയർ
World

''ഞാനാണ് അവർക്ക് ഭക്ഷണവും അഭയവും നൽകിയത്; നിങ്ങളല്ല''; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നിർത്തിപ്പൊരിച്ച് റൊമാനിയൻ മേയർ

Web Desk
|
3 March 2022 2:27 PM GMT

താനെന്ത് സംസാരിക്കണമെന്ന കാര്യം താങ്കൾ നിർദേശിക്കേണ്ടെന്ന് സിന്ധ്യ പ്രതികരിച്ചതോടെയാണ് മേയര്‍ നിയന്ത്രണം വിട്ട് രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചത്

യുക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയെ നിർത്തിപ്പൊരിച്ച് റൊമാനിയൻ മേയർ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് റൊമാനിയൻ നഗരത്തിലെ മേയറിൽനിന്ന് രൂക്ഷവിമർശനം നേരിട്ടത്.

യുക്രൈനിൽനിന്നെത്തിയവർക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാംപിൽ ഇന്ത്യൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിന്ധ്യ. ഇതിനിടയിലാണ് മേയർ ഇടപെട്ടത്. മറ്റ് വിഷയങ്ങൾ സംസാരിക്കാതെ എപ്പോൾ നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വിശദീകരിക്കൂവെന്ന് ആവശ്യപ്പെട്ടു മേയർ.

ഇതോടെ സിന്ധ്യ മേയറോട് ദേഷ്യപ്പെട്ടു. താനെന്ത് സംസാരിക്കണമെന്ന കാര്യം താങ്കൾ നിർദേശിക്കേണ്ടെന്നും അക്കാര്യം താൻ തന്നെ തീരുമാനിച്ചോളാമെന്നും സിന്ധ്യ വ്യക്തമാക്കി. ഇതോടെയാണ് മേയർ നിയന്ത്രണംവിട്ട് കയര്‍ത്തത്. വിദ്യാർത്ഥികൾ കണ്ടുനിൽക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി.

''ഇവർക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല..'' ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ മേയറുടെ പ്രതികരണം വിദ്യാർത്ഥികൾ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം. ഇത്തരം നാടകനടന്മാരെ തിരിച്ചുവിളിച്ച് വിദഗ്ധരെയും പണിയറിയുന്ന പ്രൊഫഷനലുകളെയും അയക്കൂവെന്ന് കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിഡിയോ പങ്കുവച്ച് ആവശ്യപ്പെട്ടു. ഇത് യുദ്ധമേഖലയാണെന്നും നാടകവേദിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്ത് ട്വീറ്റിൽ സൂചിപ്പിച്ചു.

ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി സിന്ധ്യയടക്കം നാല് മന്ത്രിമാരെ കേന്ദ്ര സർക്കാർ യുക്രൈന്റെ അയൽരാജ്യമായ റൊമാനിയയിലേക്ക് അയച്ചിരുന്നു. ഹർദീപ് പുരി, കിരൺ റിജിജു, വി.കെ സിങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ള മന്ത്രിമാര്‍.

Summary: "I provide them food, shelter, not you"- Video of Romanian Mayor rebuking Union Minister Jyotiraditya Scindia goes viral

Similar Posts