'ഇസ്രായേൽ സൈനികൻ ലൈംഗികമായി ഉപദ്രവിച്ചു; എന്നോടിങ്ങനെയെങ്കിൽ ഗസ്സ സ്ത്രീകളോടുള്ള സമീപനം എന്താവും?'; അൽജസീറ മാധ്യമപ്രവർത്തക
|'ഒരു പാശ്ചാത്യ മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചാൽ പോലും ഒരു ശിക്ഷയും ലഭിക്കില്ലെന്ന് ഇസ്രായേൽ സൈനികർക്കറിയാം'- അവർ പറഞ്ഞു.
ഗസ്സ: ഇസ്രയേൽ സൈനികൻ ലൈംഗികമായി ഉപദ്രവിച്ചതായി ഗസ്സയിലെ മാധ്യമപ്രവർത്തയുടെ വെളിപ്പെടുത്തൽ. അൽ ജസീറ ഇംഗ്ലീഷ്, ദി നേഷൻ എന്നിവയ്ക്കായി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഫ്രീലാൻസ് ജേണലിസ്റ്റായ തെയിയ ചാറ്റ്‌ലെയാണ് സാമൂഹികമാധ്യമമായ എക്സിലൂടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
'കഴിഞ്ഞയാഴ്ച ഗസ്സ- ഇസ്രായേൽ അതിർത്തിയായ എറെസ് ക്രോസിങ്ങിൽ വച്ച് എന്നെ ഒരു ഇസ്രായേലി സൈനികൻ ലൈംഗികമായി ഉപദ്രവിച്ചു'- അവർ എക്സിൽ കുറിച്ചു. 'ഒരു പാശ്ചാത്യ മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചാൽ പോലും ഒരു ശിക്ഷയും ലഭിക്കില്ലെന്ന ഇസ്രായേൽ സൈനികരുടെ മാനസികാവസ്ഥ എത്ര ഭീകരമാണെന്ന് നോക്കൂ'- അവർ പറഞ്ഞു.
'താൻ ആ സമയം ബുള്ളറ്റ് പ്രൂഫ് പ്രസ് വെസ്റ്റ് പോലും ധരിച്ചിരുന്നു. എന്നിട്ടും, എനിക്ക് പോലും ഇങ്ങനൊരു അതിക്രമം നേരിടേണ്ടിവന്നെങ്കിൽ ഗസ്സയിലെ സ്ത്രീകളുടെ അവസ്ഥയെന്തായിരിക്കുമെന്ന് ചിന്തിക്കുക. ലൈംഗികാതിക്രമങ്ങൾ പല രീതിയിലാണ് സംഭവിക്കുക. യുദ്ധഭൂമിയിൽ ചൂണ്ടിപ്പിടിച്ച വലിയ തോക്കുമായി നിൽക്കുന്ന ഒരു ഇസ്രായേൽ സൈനികനരികെ നിങ്ങളൊറ്റപ്പെട്ടെങ്കിൽ അത് പിന്നെയും ഭീകരമായിരിക്കും'- അവർ കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങളുടേയും ഐക്യരാഷ്ട്രസഭയുടേയും എതിർപ്പുകൾ അവഗണിച്ചും യുദ്ധനിയമങ്ങൾ കാറ്റിൽപ്പറത്തിയും എട്ട് മാസമായി ഗസ്സയിലും റഫയിലും ഇസ്രായേൽ സൈനികരുടെ കണ്ണില്ലാത്ത ക്രൂരതയും കൂട്ടക്കുരുതിയും തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നത്. നേരത്തെ ഗസ്സയിലെ സ്ത്രീകളെ ഇസ്രായേൽ സൈന്യം ബലാത്സംഗം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഗസ്സയില്‍ നിന്ന് പിടികൂടിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്നരാക്കി പരിശോധന നടത്തുകയും ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘമാണ് വ്യക്തമാക്കിയത്. സ്ത്രീകളെയും കുട്ടികളേയും അവര്‍ അഭയം തേടിയ സ്ഥലങ്ങളിലോ പലായനം ചെയ്യുമ്പോഴോ ബോധപൂര്‍വം ആക്രമിക്കുകയും നിയമവിരുദ്ധമായി കൊല്ലുകയും ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് യു.എന്നിന് കീഴിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമങ്ങളിലെ അംഗങ്ങള്‍ പറഞ്ഞിരുന്നു.
മഴയിലും തണുപ്പിലുമെല്ലാം ഭക്ഷണം പോലും നല്‍കാതെ പലരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗസ്സയിലെ സ്ത്രീകളും പെണ്‍കുട്ടികളും മനുഷ്യത്വ രഹിതവും അപമാനകരവുമായ പെരുമാറ്റത്തിന് വിധേയമാകുന്നു. ഭക്ഷണം, മരുന്ന്, സാനിറ്ററി പാഡുകള്‍ എന്നിവ നിഷേധിക്കുകയും ഇവരെ കഠിനമായി മര്‍ദിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘം വ്യക്തമാക്കിയിരുന്നു.
അപമാനകരമായ സാഹചര്യങ്ങളില്‍ തടവിലാക്കപ്പെട്ട സ്ത്രീകളുടെ ഫോട്ടോകളെടുത്ത് സൈന്യം ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തു. ഇത്തരം പ്രവൃത്തികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും മാനുഷിക നിയമങ്ങളുടേയും ഗുരുതരമായ ലംഘനങ്ങളാണ്. അന്താരാഷ്ട്ര ക്രിമിനല്‍ നിയമത്തിന് കീഴിലുള്ള ഈ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ റോം നിയമപ്രകാരം വിചാരണ ചെയ്യണമെന്നും വിദഗ്ധ സംഘം അഭിപ്രായപ്പെട്ടിരുന്നു.