'ഞാൻ ഹിറ്റ്ലറെയും ഹോളോഡോമോറും കടന്നുവന്നു...പുടിനെയും അതിജീവിക്കും'; യുക്രൈനിൽ നിന്നൊരു 98കാരി
|യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്
റഷ്യ- യുക്രൈന്‍ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു ഭാഗത്ത് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും റഷ്യ യുക്രൈനില്‍ അധിനിവേശം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമായി നടത്തുന്നുണ്ട്. യുദ്ധഭൂമിയായ യുക്രൈനില്‍ നിന്ന് നിരാലംബരായ മനുഷ്യരെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതില്‍ കരളലലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ മുതല്‍ പോരാട്ടവീര്യമുള്ള പ്രഖ്യാപനങ്ങളും പ്രവൃത്തികളുമുണ്ട്. അത്തരത്തില്‍ ആവേശം പകരുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം.
98കാരിയായ ഇറിന എന്ന വൃദ്ധ കൈയിലൊരു പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. "ഞാൻ ഹോളോഡോമോറിനെയും ഹിറ്റ്‌ലറെയും അതിജീവിച്ചു. ഇനി പുടിന്‍ ലില്ലിപുട്ടിയനെയും അയാളുടെ വെട്ടുകിളികളെയും ഞാന്‍ അതിജീവിക്കും" എന്നാണ് ആ പോസ്റ്ററിലെ വാചകങ്ങള്‍. റഷ്യയുടെ അധിനിവേശ സേനയെ നേരിടാന്‍ ആയുധം കയ്യിലെടുത്ത് പൊരുതുന്ന യുക്രൈന്‍ ജനതയ്ക്ക് ആവേശമാകുന്നതാണ് ഇറിന നല്‍കുന്ന സന്ദേശം.
1932-33 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനു കീഴിലായിരുന്ന യുക്രൈന്‍ നേരിട്ട കടുത്ത ക്ഷാമമാണ് ഹോളോഡോമോര്‍ എന്നറിയപ്പെടുന്നത്. ജനസംഖ്യയുടെ 13 ശതമാനം വരുന്ന 39 ലക്ഷം ആളുകളുടെ ജീവന്‍ അപഹരിച്ച മഹാദുരന്തമായിരുന്നു അത്. യുക്രൈന്‍ ജനതയുടെ ഉടമസ്ഥതയിലുള്ള ചെറുകൃഷിയിടങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാറിന്റെ കീഴിലാക്കിയ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ നയങ്ങളാണ് ഹോളോഡോമോറിന് കാരണമെന്ന് പറയപ്പെടുന്നു.
അതേസമയം, യുക്രൈൻ തലസ്ഥാന നഗരമായ കിയവ് കീഴടക്കാൻ സൈനിക സന്നാഹം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. കിയവ് ലക്ഷ്യമാക്കി മുന്നേറുന്ന റഷ്യൻ സൈനിക വ്യൂഹത്തിന്റെ ഉപഗ്രഹ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. കിയവിന് പുറമെ ഖാർകിവ്, ഖറാസൻ ഉൾപ്പെടുള്ള നഗരങ്ങളിലും വലിയ ആക്രമണമാണ് നടക്കുന്നത്.
അതിനിടെ, റഷ്യന്‍ സേനയെ ചെറുക്കാന്‍ തയ്യാറുള്ള വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി ഉത്തരവിറക്കി. യുക്രൈനിലെ സൈനിക നിയമം പിന്‍വലിക്കുന്നതുവരെ ഉത്തരവ് തുടരും. റഷ്യക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ആയിരക്കണക്കിനു വിദേശികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് യുക്രൈന്‍ ഉപപ്രതിരോധമന്ത്രി അവകാശപ്പെടുന്നത്.