World
Israeli military chief Herzi Halevi survives Hamas al-Qassam Brigades assassination attempt in Gaza, Israel attack on Gaza, Hamas, IDF
World

ഇസ്രായേൽ സൈനിക മേധാവി താമസിച്ച വീട് ആക്രമിച്ച് അൽഖസ്സാം ബ്രിഗേഡ്‌സ്; ഹെർസി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്‌

Web Desk
|
1 Nov 2024 8:53 AM GMT

ജബാലിയയിലെ ഇസ്രായേൽ ഓപറേഷൻ കേന്ദ്രമാക്കാൻ നിശ്ചയിച്ചിരുന്ന കെട്ടിടത്തില്‍ സൈനിക നടപടികൾ വിലയിരുത്താനായി എത്തിയതായിരുന്നു ഹെർസി

തെൽ അവീവ്/ഗസ്സ സിറ്റി: ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹാലെവി താമസിച്ച വീട് ആക്രമിച്ച് ഹമാസിന്റെ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സ്. വടക്കൻ ഗസ്സയിലാണു സംഭവം. സൈനിക നടപടികൾ വിലയിരുത്താനായി എത്തിയതായിരുന്നു ഹെർസി.

ഇസ്രായേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസിയായ 'ഇർന'യാണു വധശ്രമ വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണു സൈനിക മേധാവി രക്ഷപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു തൊട്ടുമുൻപ് ഹെർസി ഹാലെവി കെട്ടിടത്തിൽനിന്നു പുറത്തിറങ്ങിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒക്ടോബർ 29നാണ് ആക്രമണം നടന്നത്. ടാങ്ക് വേധ മിസൈലാണു കെട്ടിടത്തിനു മുകളിൽ പതിച്ചതെന്നാണു വിവരം. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) പ്രത്യേക ദൗത്യസംഘമായ 'യൂനിറ്റ് 888'ലെ നാല് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹെർസിക്കുനേരെയുണ്ടായ വധശ്രമത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജബാലിയയിലാണ് ആക്രമണം നടന്നതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ടിൽ പറയുന്നു. ക്യാപ്റ്റൻ യെഹോനാതൻ ജോനി കെറെൻ(22), സ്റ്റാഫ് സർജന്റുമാരായ നിസിം മെയ്തൽ(20), അവിവ് ഗിൽബോവ(21), നവോർ ഹൈമോവ്(22) എന്നിവരാണു കൊല്ലപ്പെട്ടത്. നാലു സൈനികനു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 'ഗോസ്റ്റ് യൂനിറ്റ്' എന്ന് അറിയപ്പെടുന്ന ഐഡിഎഫിന്റെ മൾട്ടിഡയമൻഷെനൽ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരാണ് എല്ലാവരും.

ജബാലിയയിലെ ഇസ്രായേൽ സൈനിക ഓപറേഷൻ കേന്ദ്രമാക്കാൻ നിശ്ചയിച്ചിരുന്ന കെട്ടിടമാണ് അൽഖസ്സാം ബ്രിഗേഡ്‌സ് തകർത്തത്. പുലർച്ചെ സൈനികർ കെട്ടിടത്തിനകത്തു പ്രവേശിച്ചതിനു പിന്നാലെ ആക്രമണം നടക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകൾ നിലയിൽ സ്‌ഫോടകവസ്തു സ്ഥാപിച്ചായിരുന്നു ആക്രമണമെന്നും റിപ്പോർട്ടുണ്ട്. നാലു സൈനികരും തത്സമയം കൊല്ലപ്പെടുകയായിരുന്നു. ഇതോടെ ഗസ്സ മുനമ്പിലും ഇസ്രായേൽ അതിർത്തിയിലും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ഔദ്യോഗിക എണ്ണം 367 ആയി.

ഇതേദിവസം വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ ഇസ്രായേൽ വൻ വ്യോമാക്രമണം നടത്തിയിരുന്നു. താമസകേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിൽ 93 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. 20 കുട്ടികളും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് ആരോഗ്യവൃത്തങ്ങൾ നൽകുന്ന വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർ ഇതിനു പുറമെയുമുണ്ട്. ഇങ്ങോട്ട് ആംബുലൻസിനോ രക്ഷാപ്രവർത്തകർക്കോ എത്താനായിട്ടില്ലെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

സംഭവം അന്വേഷിക്കുമെന്ന് ഐഡിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹമാസ് പറയുന്ന കണക്കുകൾ കൃത്യമായിരിക്കില്ലെന്നാണ് ഇസ്രായേൽ വാദം. കൊല്ലപ്പെട്ടവരിൽ ഹമാസ് അംഗങ്ങളും ഉണ്ടാകും. അതിനാൽ, പുറത്തുവന്ന മരണനിരക്ക് സ്ഥിരീകരിക്കാനാകില്ലെന്നും ഇസ്രായേൽ സൈന്യം വാദിക്കുന്നു.

Summary: Israeli military chief Herzi Halevi survives Hamas' al-Qassam Brigades' assassination attempt in Gaza

Similar Posts