ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരുന്ന തുരങ്കം കണ്ടെത്തിയതായി ഇസ്രായേല്‍
|തുരങ്കത്തിന്‍റെ പ്രവേശന കവാടം ഒരു തകര കുടില്‍ കൊണ്ട് മറച്ചിരുന്നതായും തുരങ്കം മാധ്യമപ്രവര്‍ത്തകരെ കാണിച്ചതായും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു
ജറുസലെം: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് പ്രദേശത്ത് പ്രവർത്തിക്കുന്ന സൈനികർ ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരുന്ന തുരങ്കം കണ്ടെത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന ബുധനാഴ്ച അറിയിച്ചു. തുരങ്കത്തിന്‍റെ പ്രവേശന കവാടം ഒരു തകര കുടില്‍ കൊണ്ട് മറച്ചിരുന്നതായും തുരങ്കം മാധ്യമപ്രവര്‍ത്തകരെ കാണിച്ചതായും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.
ഒരു താല്‍ക്കാലിക ഗോവണിയിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുക. ഏകദേശം 2.5 മീറ്റര്‍ താഴെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റും ഇലക്ട്രിക്കൽ വയറുകളും കൊണ്ട് ചുവരുകൾ നിരത്തിയ തുരങ്കം ചൂടും ഈർപ്പവും നിറഞ്ഞതായിരുന്നു. അകത്ത് ഒരു കുളിമുറി ഉണ്ടായിരുന്നതായും തുരങ്കത്തില്‍ ബന്ദികള്‍ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവുകള്‍ കണ്ടെത്തിയതായും സൈന്യം വ്യക്തമാക്കി. തുരങ്കത്തിൽ നിന്ന് കൃത്യമായി എന്താണ് കണ്ടെത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളെക്കുറിച്ചൊന്നും സൈന്യത്തിന്റെ മുഖ്യ വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി വിശദമാക്കിയില്ല. ബന്ദികളുടെ പേരോ അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നും അദ്ദേഹം പറഞ്ഞില്ല.
''ഖാന്‍ യൂനിസില്‍ ഭൂമിക്കു മുകളിലും താഴെയുമായി ഞങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നത് തുടരുകയാണ്.സൈന്യം അവിടെ ഒരു തുരങ്കം കണ്ടെത്തി. ആ പരിമിതമായ സാഹചര്യത്തിലാണ് ബന്ദികള്‍ താമസിച്ചിരുന്നത്'' ഹഗാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നവംബർ അവസാനത്തിൽ വെടിനിർത്തൽ കരാറിൽ മോചിതരായ നിരവധി ബന്ദികൾ തുരങ്കങ്ങൾക്കുള്ളിൽ തടവിലാക്കപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. ഹമാസ് ഗസ്സ മുനമ്പിലുടനീളം തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ആയുധങ്ങളെയും പോരാളികളെയും ഇത് വളരെക്കാലമായി ഉപയോഗിക്കുന്നുവെന്നും ഇസ്രായേല്‍ പറയുന്നു.കനത്ത പോരാട്ടം നടന്ന നഗരത്തിന്‍റെ ഒരു ഭാഗത്താണ് തുരങ്കം കണ്ടെത്തിയത്.സമീപത്തെ വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
മറ്റൊരു കെട്ടിടത്തിൽ, നിരവധി അപ്പാർട്ട്മെന്റുകളുടെ ഭിത്തികൾ പൊട്ടിത്തെറിച്ചതായി കാണപ്പെട്ടു. സ്ഫോടകവസ്തുക്കൾക്കായി തിരച്ചിൽ നടത്തുന്ന ഇസ്രായേലി ബുൾഡോസറുകളെക്കൊണ്ട് പ്രദേശം നിറഞ്ഞിരുന്നു. ഒരു ഒഴിഞ്ഞ സ്‌കൂളിന് പുറത്ത് ഒരു ടാങ്ക് പാർക്ക് ചെയ്‌തിരുന്നു. അവിടെ ഒരു ഇസ്രായേലി പതാക പുറത്തെ ചുവരുകളിൽ തൂക്കിയിട്ടിരുന്നു.ഹമാസ് നേതാവ് യെഹ്യ സിൻവാർ ഖാൻ യൂനിസിലെവിടെയോ ഒരു തുരങ്കത്തിൽ ഒളിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. ഖാൻ യൂനിസിലും ഗാസയുടെ സെൻട്രൽ മഗാസി മേഖലയിലും കഴിഞ്ഞ ദിവസം 150 ലധികം ഹമാസ് ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് ഐഡിഎഫ് ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് തുരങ്കത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.