'യുദ്ധക്കുറ്റമെന്ന് തോന്നുന്ന എന്തും IDF എതിര്‍ക്കണം, ഉത്തരവുകളെ നിരസിക്കണം': ഇസ്രായേല്‍ മുൻ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥന്‍
|നെതന്യാഹു വ്യക്തിതാൽപര്യത്തിനായി ഇസ്രായേൽ ദേശീയതയെ ഉപയോഗപ്പെടുത്തുകയാണെന്ന വിമര്‍ശനവും എറാൻ എറ്റ്‌സിയോൺ ഉയര്‍ത്തിയിരുന്നു
തെൽ അവീവ്: ഗസ്സയിലടക്കം ഇസ്രായേൽ തുടരുന്ന കൊടും ക്രൂരതകൾക്കെതിരെ ദേശീയ സുരക്ഷാ കൗൺസിൽ ഉപ മേധാവിയായിരുന്ന എറാൻ എറ്റ്‌സിയോൺ. യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടാൻ ഇസ്രായേൽ ഭരണകൂടം ആവശ്യപ്പെടുമ്പോൾ ഐഡിഎഫ്(ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്) അത് നിരസിക്കണം എന്നാണ് എറാൻ എറ്റ്‌സിയോൺ ബിബിസിയോട് പ്രതികരിച്ചത്.
ഇസ്രായേൽ ക്രൂരമായ യുദ്ധക്കുറ്റങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നതായി വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെയെന്നും അതിൽ താൻ ഭയപ്പെടുന്നുവെന്നുമാണ് എറ്റ്‌സിയോൺ പ്രതികരിച്ചത്. എങ്ങിനെയാണ് ഇതിനോട് ഐഡിഎഫ് പ്രതികരിക്കേണ്ടത് എന്ന ചോദ്യത്തിന് യുദ്ധക്കുറ്റങ്ങൾ നടപ്പാക്കാനുള്ള ഉത്തരവുകൾ സൈനികരും സൈനിക ഉദ്യോഗസ്ഥരും അനുസരിക്കരുതെന്നും അവ നടപ്പിലാക്കാൻ വിസമ്മതിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
യുദ്ധക്കുറ്റമെന്ന് തോന്നുന്ന എന്തും സൈന്യവും ഓഫീസർമാരും എതിർക്കണം. ഇസ്രായേലിന്റെ പ്രതികാര മനോഭാവത്തിൽ നിന്നുടലെടുക്കുന്ന ദേശീയതാബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന യുദ്ധകുറ്റകൃത്യങ്ങളും തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിൽ ആശങ്കപ്പെടുന്ന സാധാരണ വ്യക്തി എന്ന നിലയിലാണ് താൻ ശബ്ദം ഉയർത്തുന്നത്. അതുകൊണ്ടാണ് ഇക്കാര്യമെല്ലാം പറയുന്നത്. യുദ്ധക്കുറ്റമായി കണക്കാക്കാവുന്ന ഒന്നിലും ഒരു സൈനികനും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ഇപ്പോൾ നടപ്പിലാക്കുന്നതെല്ലാം നിയമവിരുദ്ധ ഉത്തരവുകളാണെന്നും എറ്റ്‌സിയോൺ പറഞ്ഞു. നിയമവിരുദ്ധ ഉത്തരവുകളോട് വിയോജിക്കാനും നടപ്പിലാക്കാതിരിക്കാനുമുള്ള അവകാശം സൈനികർക്കും സൈനിക ഉദ്യോഗസ്ഥർക്കുമുണ്ട്. സൈനിക നിയമം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇസ്രായേൽ നയങ്ങൾക്ക് വിരുദ്ധവും ധാർമികതയും മനുഷ്യത്വവും ഇല്ലാത്തതുമായ കാര്യങ്ങളെയും ഇത്തരത്തിൽ സൈനികർക്ക് നിയമവിരുദ്ധമായി കണക്കാക്കി നിരാകരിക്കാം. അത്തരം ഉത്തരവുകൾ ലഭിക്കുന്ന പക്ഷം അത് നടപ്പാക്കുന്നതിൽ നിന്നും പിന്മാറി അടിയന്തരമായി അവർ അത് ഉപേക്ഷിക്കണം. അത് അനുസരിക്കാൻ തീരുമാനിക്കുന്ന പക്ഷം അയാൾ ക്രിമിനൽ കുറ്റകൃത്യത്തിന്റെയും ആ ഉത്തരവിന്റെ ഭാഗമായുണ്ടാകുന്ന അനന്തരഫലങ്ങളുടെയും ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ എറ്റ്‌സിയോൺ മുൻപും രൂക്ഷ വിമർശനം നടത്തിയിരുന്നു. നെതന്യാഹു വ്യക്തിതാൽപര്യത്തിനും നേട്ടത്തിനുമായി ഇസ്രായേൽ ദേശീയതയെ ഉപയോഗപ്പെടുത്തുന്നു എന്നായിരുന്നു വിമർശനം. ഫലസ്തീനെതിരായ ആക്രമണത്തിനു പിന്നിൽ ഇസ്രായേലിന്റെ താല്പര്യമല്ല. നെതന്യാഹുവിന്റെ രാഷ്ട്രീയ, ക്രിമിനൽ താല്പര്യം മാത്രമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.