‘തെറ്റ് ആവർത്തിച്ചാൽ ഇസ്രായേലിൽ ഒന്നും ബാക്കിയുണ്ടാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
|പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വം വീട്ടിൽ പോയിയിരിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ്
തെഹ്റാൻ: ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഗസ്സയിൽ പതിനായിരങ്ങളുടെ രക്തസാക്ഷിത്വത്തിനും ലക്ഷക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സയണിസ്റ്റ് കുറ്റകൃത്യങ്ങൾക്ക് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പിന്തുണക്കുകയാണ്. ഇന്നത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായ അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും തങ്ങൾ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നത് തീർത്തും പരിഹാസ്യമാണ്.
ജെറൂസലേമിനെ മോചിപ്പിക്കുക എന്നത് ഇസ്ലാമിക ലോകത്തിന് മാത്രമല്ല, മാനവികതയുടെ ലോകത്തിനും പ്രധാന പ്രശ്നമാണ്. ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിലൂടെ അൽ ഖുദുസിനെയും ഫലസ്തീൻ രാഷ്ട്രത്തെയും മോചിപ്പിക്കും. ഗസ്സയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങളെ പിന്തുണച്ചതിൻ്റെ പേരിൽ പാശ്ചാത്യ സർവകലാശാലകളിൽ നിന്ന് ധാരാളം വിദ്യാർഥികളെ പുറത്താക്കുന്നത് നാം കണ്ടു. ഇതിന് പിന്നിലെ യുക്തി എന്താണ്? ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ തെളിവാണോ ഇതെന്നും റൈസി ചോദിച്ചു.
എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും ലംഘിച്ചാണ് ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ കുറ്റകൃത്യം നടത്തിയത്. ഇതിന് ഇറാനിയൻ ജനത തക്കതായ ശിക്ഷ നൽകിക്കഴിഞ്ഞു. ഇറാനിന് നേരെ ഇനിയും ഇസ്രായേൽ ആക്രമണം നടത്തിയാൽ കാര്യങ്ങളെ മൊത്തം മാറിമറയും. സയണിസ്റ്റ് രാജ്യത്തിൽ പിന്നെ ഒന്നും അവശേഷിക്കില്ലെന്നും റെയ്സി ബുധനാഴ്ച പറഞ്ഞു.
ദീർഘകാലമായി തുടരുന്ന ഫലസ്തീൻ പ്രശ്നത്തിന്റെ പരിഹാരം ആഗോള സമാധാനത്തിന് അത്യാവശ്യമാണെന്നും ഫലസ്തീനികളുടെ സ്വാതന്ത്ര്യമാണ് ഇറാന്റെ മുൻഗണനയെന്നും ഇബ്രാഹിം റെയ്സി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാൻ സന്ദർശനത്തിൻ്റെ രണ്ടാം ദിവസം വടക്കുകിഴക്കൻ നഗരമായ ലാഹോറിലെ ഗവ. കോളജ് സർവകലാശാലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ പ്രശ്നപരിഹാരം മുസ്ലിം ജനതയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ താൽപ്പര്യത്തിനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇസ്രായേൽ സൈന്യം 34,000 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. എന്നാൽ, ഇസ്രായേലിന്റെ ഈ ക്രൂരത തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഇസ്രായേലിന് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ഒരിക്കൽ കൂടി ഹമാസ് പുകഴ്ത്തി. ഗസ്സയിലെ ആക്രമണം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ എല്ലാ ഭാഗത്തുനിന്നും പ്രതിരോധം കനപ്പിക്കാനും അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ ആഹ്വാനം ചെയ്തു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണം പുതിയ സമവാക്യങ്ങൾ സൃഷ്ടിച്ചതായും ശത്രുക്കളെയും അവരുടെ പിന്നിലുള്ളവരെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തതായും അബൂ ഉബൈദ പറഞ്ഞു.
വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിക്കുക, ഗസ്സയിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കുക, കുടിയിറക്കപ്പെട്ടവരെ വടക്കൻ ഗസ്സയിലേക്ക് മടങ്ങിവരാൻ അനുവദിക്കുക, ഉപരോധം പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ബന്ദികളെ കൈമാറുന്ന കാര്യത്തിൽ ഇസ്രായേൽ സർക്കാർ തടസ്സം നിൽക്കുകയാണ്. വെടിനിർത്തൽ കരാറിലെത്താനുള്ള മധ്യസ്ഥരുടെ ശ്രമങ്ങൾ അവർ തടസ്സപ്പെടുത്തുകയാണെന്നും അബൂ ഉബൈദ കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സയിലെ യുദ്ധം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഇസ്രായേൽ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടിയായ ഇസ്രായേൽ ബെയ്റ്റീനിന്റെ തലവൻ അവിഗ്ദോർ ലിബർമാൻ രംഗത്തുവന്നു. ഇസ്രായേലിലേക്ക് ഇപ്പോഴും റോക്കറ്റുകളും ഡ്രോണും ഉപയോഗിച്ച് ആക്രമണം തുടരുകയാണ്. 133 പേർ ഇപ്പോഴും ഹമാസിന്റെ കൈവശം ബന്ദികളായിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ നേതൃത്വം വീട്ടിൽ പോയിയിരിക്കണമെന്നും ലിബർമാൻ പറഞ്ഞു.