''താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ ഇന്ത്യയുടെ പതാക കെട്ടൂ, സുരക്ഷിതമായി ഇരിക്കൂ''-അച്ഛനുമായുള്ള നവീന്റെ അവസാന വിഡിയോ കോൾ പുറത്ത്
|മന്ത്രി പിയൂഷ് ഗോയലുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഒന്നും സംഭവിക്കില്ലെന്ന് ഇരുരാജ്യങ്ങളും കേന്ദ്ര സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും വിഡിയോ കോളിൽ നവീനോട് അച്ഛനും മുത്തച്ഛനും പറയുന്നുണ്ട്
ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പ ഗ്യാനഗൗഡർ അവസാനമായി അച്ഛനുമായി നടത്തിയ വിഡിയോ കോളിന്റെ ദൃശ്യങ്ങൾ പുറത്ത്. നവീൻ യുക്രൈനിലെ സാഹചര്യങ്ങൾ വിവരിക്കുന്നതിനിടെ മകന് പിതാവ് ശേഖരപ്പ സുരക്ഷമായിരിക്കാൻ ആവശ്യപ്പെടുകയും ധൈര്യം പകരുകയും ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി വിഷയം സംസാരിച്ചിരുന്നുവെന്ന് വിഡിയോ കോളിൽ അച്ഛനും ഒപ്പമുണ്ടായിരുന്ന മുത്തച്ഛൻ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ വലിയ പതാക കൈയിലുണ്ടെങ്കിൽ ഇപ്പോൾ കഴിയുന്ന കെട്ടിടത്തിനു മുകളിൽ അത് കെട്ടാനാണ് മന്ത്രി നിർദേശിച്ചിട്ടുള്ളതെന്ന് വിഡിയോയിൽ അച്ഛനും മുത്തച്ഛനും പറയുന്നു. കഴിയുന്നേടത്തോളം കാണുന്ന തരത്തിൽ പതാക ഉയർത്തണമെന്നും ഇവർ ഉപദേശിക്കുന്നു.
#UkraineRussiaWar: Last video of Naveen talking to his family members. He lost his life in Ukraine today. pic.twitter.com/1fIEjjw9Ed
— Neha Singh (@NehaSingh1912) March 1, 2022
മന്ത്രി പിയൂഷ് ഗോയലുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ചെറിയ പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. അത് പരിഹരിച്ചാൽ രക്ഷാപ്രവർത്തനം സാധ്യമാകുമെന്നും പറഞ്ഞു. രണ്ടു രാജ്യങ്ങളുമായും കേന്ദ്രസർക്കാർ സംസാരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഒന്നും സംഭവിക്കില്ലെന്ന് ഇരുരാജ്യങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും വിഡിയോ കോളിൽ മുത്തച്ഛൻ അറിയിച്ചു.
'ഭക്ഷണത്തിനു വരിനിൽക്കുകയായിരുന്നു; കൊല്ലപ്പെട്ട വിവരം അറിയിക്കുന്നത് യുക്രൈൻ വനിത'
നവീൻ ശേഖരപ്പയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഖാർകിവിൽ രാവിലെ ഒരു സൂപ്പർമാർക്കറ്റിൽ ഭക്ഷണം വാങ്ങാനായി വരിനിൽക്കുന്നതിനിടെയാണ് ഷെല്ലാക്രമണമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെടുന്നതിന് ഏതാനും മിനിറ്റുകൾക്കുമുൻപ് പിതാവ് ശേഖരപ്പയുമായി നവീൻ ഫോണിൽ സംസാരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ ഖാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ നാലാംവർഷ വിദ്യാർത്ഥിയാണ്. റഷ്യൻ വ്യോമാക്രമണമുണ്ടായ ഖാർകിവിലെ ഗവർണറുടെ വസതിക്കു സമീപത്തായിരുന്നു നവീൻ താമസിച്ചിരുന്നത്.
രാവിലെയാണ് ഗവർണറുടെ വസതിക്കുനേരെ റഷ്യൻ ഷെല്ലാക്രമണമുണ്ടായത്. തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിൽ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു നവീൻ. ഭക്ഷണം വാങ്ങാനും എ.ടി.എമ്മിൽനിന്ന് പണം എടുക്കാനുമായാണ് നവീൻ പുറത്തിറങ്ങിയത്. ഇറങ്ങുമ്പോൾ അച്ഛനെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
''ഇന്ത്യക്കാരുള്ള ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണമെല്ലാം എത്തിച്ചിരുന്നു. എന്നാൽ, ഗവർണറുടെ വസതിക്കു തൊട്ടടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു നവീൻ താമസിച്ചിരുന്നത്. ഇവിടെ ഭക്ഷണം എത്തിക്കാനായിരുന്നില്ല. ഇതിനാലാണ് പുറത്ത് സൂപ്പർമാർക്കറ്റിലേക്ക് പോയത്.'' ഖാർകിവിൽ സ്റ്റുഡന്റ് കോഡിനേറ്ററായ പൂജ പ്രഹാരാജ് എൻ.ഡി.ടി.വിയോട് പറഞ്ഞു.
തിരക്ക് കാരണം രണ്ടോ മൂന്നോ മണിക്കൂറായിരുന്നു നവീൻ വരിനിൽക്കാൻ തുടങ്ങിയിട്ടെന്നും പൂജ സൂചിപ്പിക്കുന്നു. ഇതിനിടയിൽ പെട്ടെന്ന് ഗവർണറുടെ വസതിക്കുനേരെ ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് നവീന്റെ ഫോൺ കണ്ട് ഒരു യുക്രൈൻ വനിതയാണ് സുഹൃത്തിനെ വിവരം വിളിച്ചറിയിച്ചതെന്നും പൂജ പറഞ്ഞു. ഫോണിൽ സുഹൃത്തിനെ വിളിച്ച് യുവാവിനെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു.
നവീനെ രാവിലെ എട്ടരയ്ക്ക് താൻ കണ്ടിരുന്നുവെന്നാണ് സുഹൃത്തായ ശ്രീധരൻ ഗോപാലകൃഷ്ണൻ പറയുന്നത്. യുക്രൈൻസമയം രാവിലെ പത്തരയ്ക്കാണ് നവീന് വെടിയേറ്റത്. പലചരക്ക് കടയിൽ വരിനിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തിൽ നവീൻ കൊല്ലപ്പെടുകയും ചെയ്തു. 21കാരന്റെ മൃതദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നും സുഹൃത്തുക്കൾക്ക് ആർക്കും ആശുപത്രിയിൽ പോകാനായിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു.
Summary: "If you have a big flag, place it on the building you are in": Father's last advice to Naveen Shekharappa, the Indian student who died in Ukraine