'നിങ്ങളൊന്നു വിചാരിച്ചാൽ മതി'; പ്രതിഷേധക്കാരോട് റെനിൽ വിക്രമസിംഗെ
|''ഭൂരിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ന്യൂനപക്ഷ പ്രതിഷേധക്കാരെ അനുവദിക്കില്ല''
കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡൻറായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പുമായി റെനിൽ വിക്രമസിംഗെ. സർക്കാരിനെ താഴെയിറക്കാനും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസ് അടിച്ചു തകർക്കാനും ശ്രമിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം അക്രമങ്ങൾ രാജ്യത്തുണ്ടായാൽ അതിനെ നിയമപരമായി നേരിടുമെന്ന് റെനിൽ വിക്രമസിംഗെ പറഞ്ഞു.
നിങ്ങളൊന്നു ശ്രമിച്ചാൽ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും അത് നിലനിർത്താനും സാധിക്കും. മാറ്റത്തിനായി മുറവിളി കൂട്ടുന്ന ഭൂരിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ന്യൂനപക്ഷ പ്രതിഷേധക്കാരെ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബോയിലെ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 10 മണിയോടെയായിരുന്നു ശ്രീലങ്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എസ്.എൽ.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമ,ജനത വിമുക്തി പെരാമുന നേതാവ് അനുര കുമാര ദിസനായകെ എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ശ്രീലങ്കയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെൻററി വോട്ടിങ്ങിലൂടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 225 അംഗ സഭയിൽ വിജയിക്കാൻ വേണ്ടത് 113 പേരുടെ പിന്തുണയാണ്. വോട്ടെടുപ്പിൽ 134 എം.പിമാരുടെ പിന്തുണയാണ് റെനിൽ നേടിയത്. റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു. എന്നാൽ ആറു വട്ടം പ്രധാനമന്ത്രിയായ റെനിൽ വിക്രമസിം?ഗെക്ക് തന്നെയായിരുന്നു തുടക്കം മുതലെ മുൻതൂക്കം.1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവാണ് റെനിൽ. രണ്ട് തവണ പ്രതിപക്ഷ നേതാവുമായിരുന്നു.