ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം, പ്രതിഷേധവുമായി പ്രവർത്തകർ; പാകിസ്താനില്‍ നാടകീയ നീക്കങ്ങള്‍
|വൻ സന്നാഹവുമായെത്തിയ പൊലീസിന് ലാഹോറിലെ വസതിയില്‍ ഇമ്രാൻ ഖാനെ കണ്ടെത്താനായിട്ടില്ല
ലാഹോർ: കോടതിയലക്ഷ്യക്കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. ലാഹോറിലുള്ള ഇമ്രാൻ വസതിയിക്കുമുന്നിൽ അറസ്റ്റ് നടപടിക്കായി വൻപൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. എന്നാൽ, നടപടിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനു തെഹ്‌രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്.
ഇസ്‌ലാമാബാദ്, പഞ്ചാബ് പൊലീസ് സേനകൾ ചേർന്നാണ് ഇമ്രാൻ ഖാന്റെ വസതിയായ സമാൻ പാർക്കിലെത്തിയത്. എന്നാൽ, വീട്ടിനകത്ത് പരിശോധന നടത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം, സ്വന്തം വസതിയായ സമാൻ പാർക്കിൽ ഇരുന്ന് അദ്ദേഹം പി.ടി.ഐ പ്രവർത്തകരെ അഭിസംബോധന ചെയ്തതായി പാക് മാധ്യമം 'ഡൗൺ' റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയായിരിക്കെ വിദേശ പ്രതിനിധികളിൽനിന്ന് നിയമവിരുദ്ധമായി സമ്മാനങ്ങൾ വാങ്ങിയ കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നത്. ഇസ്‌ലാമാബാദ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തൊഷാഖാന കേസ് എന്ന പേരിൽ അറിയപ്പെടുന്ന സംഭവത്തിൽ മൂന്നു തവണ സമൻസ് അയച്ചിട്ടും ഇമ്രാൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ആരോപണങ്ങൾ ഇമ്രാൻ നിഷേധിച്ചിട്ടുണ്ട്. അതിനിടെ, ഇമ്രാന് പിന്തുണയുമായി പി.ടി.ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസും പി.ടി.ഐ പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി.
2022 ഏപ്രിലിലാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കപ്പെടുന്നത്. പാർലമെന്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടായിരുന്നു കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇമ്രാന്റെ സ്ഥാനചലനം. ഇതിനുപിന്നാലെ ഭീകരവാദം, അഴിമതി അടക്കം നിരവധി കുറ്റങ്ങളാണ് ഇമ്രാൻ ഖാനെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്നത്.
Summary: Pakistan police attempt to arrest ex-PM Imran Khan in court contempt case