World
ഇംറാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സംഘർഷം രൂക്ഷമാകുന്നു; മൂന്ന് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
World

ഇംറാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സംഘർഷം രൂക്ഷമാകുന്നു; മൂന്ന് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Web Desk
|
10 May 2023 3:19 PM GMT

അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി

ഇസ്‍ലാമാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സംഘർഷം രൂക്ഷം. സംഘർഷത്തെ തുടർന്ന് ആയിരത്തോളം പേർ അറസ്റ്റിലായി. മൂന്ന് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.. രാജ്യത്ത് മൊബൈൽ-ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി അറിയിച്ചു.

തോഷഖാന അഴിമതി കേസുമായി ബന്ധപ്പെട്ടുളള ഇംറാൻഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുകയാണ്. പലയിടത്തും പിടിഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

അക്രമ സംഭവങ്ങളെ തുർന്ന് ആയിരത്തോളം പേർ അറസ്റ്റിലായി. പാകിസ്താനിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം പ്രതിഷേധങ്ങള്‍ പടർന്നു കഴിഞ്ഞു. ലാഹോറിലേയും റാവൽപിണ്ടിയിലേയും സൈനിക കെട്ടിടങ്ങൾക്ക് തീയിട്ടു. അക്രമസംഭവങ്ങളെ തുടർന്ന് മൂന്ന് പ്രവിശ്യകളിൽ പ്രഖ്യാപിച്ചു അടിയന്തരാവസ്ഥ തുടരുകയാണ്.

സംഘർഷങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. രാജ്യത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കേർപ്പെടുത്തിയ നിരോധനം തുടരുകയാണ്. സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംറാന്റെ അറസ്റ്റ് നിയമപരമാണെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പി.ടി.ഐ വൈസ് ചെയർമാൻ ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനും ഖുറേഷി ആഹ്വാനം ചെയ്തു. കോടതി വളപ്പിലെ അറസ്റ്റിൽ പൊലീസ് മേധാവി നേരിട്ട് കോടതിയിലെത്തി വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ പ്രധാനമന്ത്രിയെ തന്നെ വിളിച്ചു വരുത്തുമെന്നും കേസ് പരിഗണിച്ച ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.വാദം കേട്ട കോടതി വിധി പറയാനായി മാറ്റി.

Similar Posts