അഴിമതി; മോദിയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ, നവാസ് ഷെരീഫിന് വിമർശനം
|നവാസ് ഷെരീഫിനല്ലാതെ ലോകത്തെ മറ്റൊരു രാഷ്ട്രീയ നേതാവിനും വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുവകകൾ സ്വന്തമായില്ലെന്ന് ഇമ്രാൻ പറയുന്നു.
ഇസ്ലാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഴിമതി വിഷയത്തിൽ മുൻ പാക് പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫുമായി മോദിയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം. നവാസ് ഷെരീഫിനല്ലാതെ ലോകത്തെ മറ്റൊരു രാഷ്ട്രീയ നേതാവിനും വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുവകകൾ സ്വന്തമായില്ലെന്ന് ഇമ്രാൻ പറയുന്നു.
'ഒരു രാജ്യത്തിന് നിയമവാഴ്ച ഇല്ലെങ്കിലാണ് അവിടെ അഴിമതി നടക്കുന്നത്. വിദേശത്ത് ഒരു ബില്യൺ മൂല്യമുള്ള സ്വത്തുവകകൾ സ്വന്തമായുള്ള ഏതെങ്കിലും ഒരു നേതാവിനെ നിങ്ങൾക്ക് കാണിച്ചുതരാനാകുമോ'? അയൽരാജ്യമായ ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന് പുറത്തത് എത്ര ആസ്തിയാണ് ഉള്ളത്? നവാസിന്റെ ആസ്തി നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്'; ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാൻ പറഞ്ഞു.
അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ഇമ്രാൻ ഖാൻ നേരത്തെയും ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സമയത്താണ് ഇമ്രാൻ ഖാന്റെ പുകഴ്ത്തൽ എന്നതും ശ്രദ്ധേയമാണ്.