World
ഇന്ധനവില കുറച്ച കേന്ദ്ര നടപടിക്ക് പ്രശംസയുമായി ഇംറാൻ ഖാൻ
World

ഇന്ധനവില കുറച്ച കേന്ദ്ര നടപടിക്ക് പ്രശംസയുമായി ഇംറാൻ ഖാൻ

Web Desk
|
22 May 2022 11:38 AM GMT

കഴിഞ്ഞ മാസം അധികാരം നഷ്ടപ്പെടുന്നതിന്റെ തൊട്ടുമുൻപ് ഇംറാൻ ഖാൻ പാകിസ്താനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ചിരുന്നു

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് പ്രശംസയുമായി വീണ്ടും മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിക്കാണ് ഇത്തവണ ഇംറാൻ ഖാന്റെ അഭിനന്ദനം. സ്വതന്ത്രമായ വിദേശകാര്യ നയമുള്ളതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇതിനു സാധിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സൗത്ത് ഏഷ്യ ഇൻഡക്‌സിന്റെ റിപ്പോർട്ട് പങ്കുവച്ചായിരുന്നു ഇംറാൻ ഖാന്റെ ട്വീറ്റ്. റഷ്യയിൽനിന്ന് വിലക്കുറവിൽ ഇന്ധനം ലഭിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില കുറച്ചതാണ് റിപ്പോർട്ടിൽ പറയുന്നത്. ക്വാഡിന്റെ ഭാഗമായിട്ടും ഇന്ത്യ യുഎസ് സമ്മർദം അതിജീവിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാനായി വിലക്കിഴിവിൽ റഷ്യൻ എണ്ണ വാങ്ങുകയായിരുന്നുവെന്ന് ട്വീറ്റിൽ ഇംറാൻ ഖാൻ ചൂണ്ടിക്കാട്ടി.

''സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ നമ്മുടെ സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചത് ഇതാണ്. നമ്മുടെ സർക്കാരിനെ സംബന്ധിച്ചിടത്തോളം പാകിസ്താന്റെ താൽപ്പര്യമാണ് പരമോന്നതമായത്. നിർഭാഗ്യവശാൽ പ്രാദേശിക മീർജാഫറുമാരും മീർ സാദിഖുമാരും ബാഹ്യസമ്മർദത്തിന് കീഴടങ്ങി ഭരണമാറ്റത്തിന് നിർബന്ധിതരാകുകയാണുണ്ടായത്. ഇപ്പോൾ സമ്പദ്‍വ്യവസ്ഥയെ മൂക്കുകുത്തിച്ച് തലയില്ലാത്ത കോഴിയെപ്പോലെ ഓടിനടക്കുകയാണ് അവർ.'' ട്വീറ്റിൽ ഇംറാൻ ഖാൻ വിമർശിച്ചു.

കഴിഞ്ഞ മാസം അധികാരം നഷ്ടപ്പെടുന്നതിന്റെ തൊട്ടുമുൻപ് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും ഇംറാൻ ഖാൻ ഇന്ത്യയെ പ്രശംസിച്ചിരുന്നു. സ്വതന്ത്രമായ വിദേശനയമുള്ള, വലിയ ആത്മാഭിമാനമുള്ള രാജ്യമാണ് ഇന്ത്യയെന്നായിരുന്നു ഇംറാൻ ഖാന്റെ പ്രശംസ. ഇതിനുമുൻപും ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.

Summary: Pakistan's ousted prime minister Imran Khan praises India's foreign policy after fuel price cuts

Similar Posts