World
പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചർച്ച ഞായറാഴ്ച
World

പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചർച്ച ഞായറാഴ്ച

Web Desk
|
1 April 2022 1:07 AM GMT

പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി അമേരിക്കയും രംഗത്തെത്തി

രാജി പ്രഖ്യാപിക്കില്ലെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചതോടെ പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഞായറാഴ്ച അവിശ്വാസ പ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും നടക്കും. പ്രധാന ഘടകകക്ഷിയും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതിനാൽ ഇമ്രാന്റെ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു.

''താൻ എന്തിന് രാജി വെക്കണം? 20 വർഷത്തോളം ക്രിക്കറ്റ് കളിച്ചയാളണ് ഞാൻ. അവസാന പന്തുവരെ താൻ പോരാടുമെന്ന കാര്യം എല്ലാവർക്കും അറിയാം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അത് നേരിടാൻ സജ്ജനാണ്. കൂടുതൽ നിശ്ചയദാഢ്യത്തെടെ താൻ തിരിച്ചുവരും''- രാജ്യത്തെ അഭിസംബോധന ചെയ്ത് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞ വാക്കുകളാണിത്. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ഞായറാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് വൈകാരിക പ്രതികരണം. അവിശ്വാസ പ്രമേയത്തിൽ ഇന്നലെ ചർച്ച ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മിനിട്ടുകൾ മാത്രമാണ് സഭാ നടപടികൾ നീണ്ടത്. പ്രമേയം ചർച്ചചെയ്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചെങ്കിലും സ്പീക്കർ ഇത് അവഗണിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച വീണ്ടും ദേശീയ അസംബ്ലി ചേരുമെന്ന് സ്പീക്കർ അറിയിച്ചു.

അമേരിക്കക്കെതിരെ രൂക്ഷ വിമർശനമാണ് ഇമ്രാൻ ഖാൻ ഉന്നയിച്ചത്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിൽ അമേരിക്കയാണ്. പ്രതിപക്ഷത്തിന് അമേരിക്കയെ ഭയമാണ്. താൻ തുടർന്നാൽ പാകിസ്താന് തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി അമേരിക്ക ഭീഷണിപ്പെടുത്തി. പാകിസ്താന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും മുഷറഫും ഇന്ത്യയുമായും രഹസ്യചര്‍ച്ചകള്‍ നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു.

അതേസമയം പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി അമേരിക്കയും രംഗത്തെത്തി. പാക് സർക്കാരിനെ യുഎസ് അധികൃതരോ ഉദ്യോഗസ്ഥരോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Similar Posts