ഇമ്രാൻ ഖാനെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തി, അറസ്റ്റ് ചെയ്യാൻ നീക്കം; പ്രതിരോധമൊരുക്കി പ്രവർത്തകർ
|ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് പാക് മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
ഇസ്ലാമാബാദ്: ഭീകരവിരുദ്ധ നിയമം ചുമത്തിയതിനു പിന്നാലെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. പൊലീസിനെയും ജുഡിഷ്യറിയെയും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് കേസെടുത്തത്. അദ്ദേഹത്തിന്റെ പ്രസംഗം തത്സമയം സപ്രേഷണം ചെയ്യുന്നതിന് പാക് മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് പാകിസ്താൻ തഹ്‌രീക്കെ ഇൻസാഫ്(പി.ടി.ഐ) പ്രവർത്തകർ ഇമ്രാന്റെ വസതിക്കുമുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച തലസ്ഥാനമായ ഇസ്ലാമാബാദിൽ നടത്തിയ പ്രസംഗത്തിലാണ് അഡീഷനൽ സെഷൻസ് ജഡ്ജിക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഇമ്രാൻ ഖാന്റെ ഭീഷണി. തന്റെ സഹായിയായ ശഹബാസ് ഗില്ലിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രകോപനപരമായ പ്രസംഗം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ മജിസ്‌ട്രേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു പ്രസംഗത്തിലെ മുന്നറിയിപ്പ്.
സർക്കാർ സ്ഥാപനങ്ങൾക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയ ഇമ്രാൻ ഖാനെതിരെ കേസെടുക്കാൻ ആലോചിക്കുന്നതായി പാക് ആഭ്യന്തര മന്ത്രി റാമാ സനാഉല്ലാ ഖാൻ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്‌ലാമാബാദിലെ മാർഗല്ല പൊലീസ് ഭീകരവിരുദ്ധ നിയമം(എ.ടി.എ) ചുമത്തി കേസെടുത്തത്.
ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിന് പാക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി(പി.ഇ.എം.ആർ.എ)യുടേതാണ് നടപടി. ഇമ്രാൻ ഖാൻ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരമായി സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റി വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വിദ്വേഷ പ്രചാരണം നടത്തുകയാണ്. രാജ്യത്തെ ക്രമസമാധാനനിലയ്ക്ക് ഭീഷണിയാ മാറിയിരിക്കുകയാണിതെന്നും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് പ്രസംഗങ്ങളെന്നും ഉത്തരവിൽ അതോറിറ്റി ആരോപിച്ചു.
ആയിരക്കണക്കിനു പ്രവർത്തകരാണ് ഇമ്രാന്റെ വസതിക്കു മുന്നിൽ ഇന്നലെ രാത്രിമുതൽ തടിച്ചുകൂടിയത്. വൻപൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. അറസ്റ്റുണ്ടായാൽ തലസ്ഥാനനഗരം പിടിച്ചടക്കുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ക്രമസമാധാനനില ഉറപ്പാക്കാനാണ് തങ്ങളെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Summary: Pakistan govt prepares for former PM Imran Khan's arrest, after booking under anti-terror law and blocks his Live speech in televisions