World
mariam sheriff
World

"ഇമ്രാൻ ഖാന്റെ പാർട്ടിയെ ഇനി ഓട്ടോറിക്ഷയിൽ കൊണ്ടുപോകാം"; പരിഹസിച്ച് മറിയം നവാസ്

Web Desk
|
12 Jun 2023 1:44 PM GMT

മെയ് 9 ന് പാകിസ്ഥാൻ സൈന്യത്തിന്റെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇമ്രാൻ ഖാൻ കലാപം നടത്താൻ ശ്രമിച്ചുവെന്നും മറിയം ആരോപിച്ചു.

ലാഹോർ: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയെ പരിഹസിച്ച് നവാസ് ഷെരീഫിന്റെ മകളും പിഎംഎൽ-എന്നിന്റെ മുതിർന്ന നേതാവുമായ മറിയം നവാസ്. വലിയ തോതിലുള്ള കൂറുമാറ്റത്തെത്തുടർന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാന്റെ പാർട്ടിയെ മുഴുവനായി ഒരു ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോകാമെന്നായിരുന്നു മറിയം നവാസിന്റെ പരാമർശം.

പാർട്ടിയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും മുഖ്യ സംഘാടകനും വക്താവും മാത്രമല്ല ആ പാർട്ടിയുടെ ഏക സ്ഥാനാർത്ഥിയും ഇമ്രാൻ ഖാൻ മാത്രമാണെന്ന് മറിയം പരിഹസിച്ചു. ഞായറാഴ്ച പഞ്ചാബ് പ്രവിശ്യയിലെ ഷുജാബാദിൽ യുവജന കൺവെൻഷനിൽ സംസാരിക്കവെ ആയിരുന്നു മറിയം നവാസിന്റെ രൂക്ഷ വിമർശനം.

മെയ് 9 ലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂറുമാറിയതിനെത്തുടർന്ന് മുഴുവൻ പ്രതിപക്ഷ പാർട്ടിക്കും ഇനി "ക്വിങ്കി റിക്ഷയിൽ" (പാകിസ്ഥാനിൽ ഇറക്കുമതി ചെയ്ത ഒരു തരം റിക്ഷ) കയറിപ്പോകാമെന്ന് മറിയം പറഞ്ഞു. കഴിഞ്ഞ മാസം പാരാ മിലിറ്ററി റേഞ്ചേഴ്‌സ് അഴിമതി കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പ്രവർത്തകർ കടുത്ത അക്രമമാണ് രാജ്യത്ത് നടത്തിയത്.

പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഉൾപ്പെടെ 20 സൈനിക സ്ഥാപനങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ കത്തിനശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇമ്രാൻ ഖാനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

"തന്റെ 26 വർഷത്തെ രാഷ്ട്രീയ പോരാട്ടത്തെക്കുറിച്ചാണ് ഇമ്രാൻ ഖാൻ സംസാരിച്ചത്. 26 വർഷം നീണ്ട അദ്ദേഹത്തിന്റെ പോരാട്ടം പൊളിക്കാൻ 26 മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. ഇനി അദ്ദേഹം സമാൻ പാർക്കിൽ ഒറ്റയ്ക്ക് ഇരിക്കും. ഒപ്പമുണ്ടായിരുന്ന നേതാക്കളെല്ലാം അവർ വന്നിടത്തേക്ക് തന്നെ തിരിച്ചുപോയിട്ടുണ്ട്"; മറിയം പറഞ്ഞു. മെയ് 9 ന് പാകിസ്ഥാൻ സൈന്യത്തിന്റെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇമ്രാൻ ഖാൻ കലാപം നടത്താൻ ശ്രമിച്ചുവെന്നും മറിയം ആരോപിച്ചു.

അരാജകത്വത്തിന്റെ അധ്യായം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്, ഇനി പുരോഗതിയുടെ യാത്ര തുടങ്ങാനുള്ള സമയമാണെന്നും മറിയം പറഞ്ഞു. മെയ് 9 ന് പ്രതിരോധ, സിവിലിയൻ ഇൻസ്റ്റാളേഷനുകൾക്കെതിരായ ആക്രമണത്തിന്റെ സൂത്രധാരനാണ് ഇമ്രാൻ ഖാൻ, എന്നാൽ ഇപ്പോൾ അദ്ദേഹം ചർച്ചകൾക്കും യോഗങ്ങൾക്കും വേണ്ടി യാചിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു. ഈ അക്രമത്തിന് ശേഷമാണ് രാജ്യത്തിന്റെ യഥാർത്ഥ ശത്രുവിനെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്നും മറിയം പറഞ്ഞു.

നേരത്തെ ഇമ്രാൻ ഖാനെതിരെ പ്രതിരോധ മന്ത്രി ഖവാജ ആസിഫും രംഗത്തെത്തിയിരുന്നു. പി.ടി.ഐയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ സൈനിക സ്ഥാപനങ്ങൾക്ക് നേരെ പാർട്ടി പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞിരുന്നു.

മെയ് ഒമ്പതിന് 70 കാരനായ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അക്രമാസക്തമായ പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തുൾപ്പെടെ പൊട്ടിപ്പുറപ്പെട്ടത്. ലാഹോർ കോർപ്‌സ് കമാൻഡർ ഹൗസ്, മിയാൻവാലി എയർബേസ്, ഫൈസലാബാദിലെ ഐഎസ്‌ഐ കെട്ടിടം എന്നിവയുൾപ്പെടെ നിരവധി സൈനിക സ്ഥാപനങ്ങൾ പി.ടി.ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു.

റാവൽപിണ്ടിയിലെ കരസേനാ ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ 10 പേരാണ് മരിച്ചത്. 'നിലവിൽ പിടിഐ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാൽ ആലോചനയും അവലോകനവും നടക്കുന്നുണ്ട്'- മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Similar Posts