132 ദിവസത്തിനിടെ ഇസ്രായേൽ ഗസ്സയിൽ നടത്തിയത് 2503 കൂട്ടക്കൊലകൾ
|ഒമ്പത് കൂട്ടക്കൊലകളാണ് ഇസ്രായേൽ അധിനിവേശ സേന കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്
ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയത് 2503 കൂട്ടക്കൊലകളാണെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് വ്യക്തമാക്കുന്നു. ഇതുവരെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത ഫലസ്തീനികളുടെ എണ്ണം 35,775 ആയതായും സർക്കാർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമ്പത് കൂട്ടക്കൊലകളാണ് ഇസ്രായേൽ സൈന്യം ഒരൊറ്റ ദിവസം നടത്തിയത്.
നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ അധികപേരും മരിച്ചതായി കണക്കാക്കുന്നതായും അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് ആംബുലൻസുകളും മറ്റു സഹായങ്ങളും എത്തുന്നത് ഇസ്രായേൽ അധിനിവേശ സേന ബോധപൂർവം തടയുകയാണ്.
ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിന്റെ അഡ്മിനിസ്ട്രേഷൻ കെട്ടിടം ഇസ്രായേൽ അധിനിവേശ സേന പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി. ഇവിടെയുള്ള സ്ത്രീകളോടും കുട്ടികളോടും മറ്റേണിറ്റി ബ്ലോക്കിലേക്ക് മാറാൻ ആവശ്യപ്പെട്ടു. അതേസമയം, ഇവരുടെ സാധനങ്ങൾ കൊണ്ടുപോകാൻ സൈന്യം അനുവദിച്ചിട്ടില്ല. ആശുപത്രി കെട്ടിടം സൈനിക ബാരക്കാക്കി മാറ്റിയിട്ടുണ്ട്.
ആശുപത്രിയിലെ ജനറേറ്ററുകളുടെ പ്രവർത്തനം തടഞ്ഞതോടെ ഓക്സിജൻ വിതരണം നിലക്കുകയും അഞ്ച് രോഗികൾ രക്തസാക്ഷിത്വം വരിച്ചതായും അധികൃതർ വ്യക്തമാക്കി. ഇവിടെയുള്ള നാല് രോഗികളുടെയും മൂന്ന് കുട്ടികളുടെയും സ്ഥിതി വഷളാവുകയും ചെയ്തിട്ടുണ്ട്.
നാസർ മെഡിക്കൽ കോംപ്ലക്സിലെ രോഗികളെയും ആരോഗ്യ സംഘത്തെയും രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു. രോഗികളും മെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഇപ്പോഴും നാസർ മെഡിക്കൽ കോംപ്ലക്‌സിലുണ്ട്. ഇതിൽ പലരെയും സൈന്യം ചോദ്യം ചെയ്യൽ തുടരുകയാണ്.
ആശുപത്രിയിൽ നടത്തിയ ഷെല്ലാക്രമണം കാരണം പല ജീവനക്കാരും ഇവിടെനിന്ന് പലായനം ചെയ്തതായി മെഡിക്കൽ ചാരിറ്റി സംഘടന ‘ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്’ പറഞ്ഞു. ഇതുകാരണം നിരവധി രോഗികളാണ് ദുരിതത്തിലായത്. ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള നടപടികൾ ഇസ്രായേൽ സേനയുടെ ആക്രമണത്തിന്റെ ഭാഗമാണെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് ആരോപിച്ചു.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ 85 ശതമാനം ജനങ്ങളും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു കഴിഞ്ഞു. ഇവർ ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ദുരിത മുനമ്പിലാണ്. ഗസ്സയിലെ 60 ശതമാനം കെട്ടിടങ്ങളും ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്നു.
15 ലക്ഷത്തോളം ജനങ്ങൾ തെക്കൻ ഗസ്സയിലെ റഫയിൽ അഭയം തേടിയിരിക്കുകയാണ്. എന്നാൽ, ഇവിടേക്കും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നു. ഇതിനെതിരെ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വലിയ വിമർശനമാണ് ഉയരുന്നത്. റഫയിൽ ആക്രമണം നടത്തരുതെന്ന് പല രാജ്യങ്ങളും ഇസ്രായേലിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതൊന്നും വകവെക്കാതെ ആക്രമണങ്ങളും കൂട്ടക്കൊലകളും തുടരുകയാണ് അധിനിവേശ സൈന്യം.
റഫക്ക് നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതിയും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. റഫക്കു നേരെ കരയാക്രമണ സന്നാഹങ്ങളുമായി ഇസ്രായേൽ നിലയുറപ്പിച്ചിരിക്കെ, ഈജിപ്ത് അതിർത്തിയിൽ വിപുലമായ നിർമാണ ജോലികൾ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈജിപ്തിന്റെ വടക്ക് ഗസ്സയോട് ചേർന്ന സിനാ പ്രവിശ്യയിൽ കൂറ്റൻ മതിലോടു കൂടി ഒറ്റപ്പെട്ട ബഫർ സോൺ നിർമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവിടെ ഏഴ് മീറ്റർ ഉയരത്തിൽ കൂറ്റൻ മതിൽ നിർമാണം പൂർത്തിയായെന്നും ഹ്യൂമൻറൈറ്റ്സ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അറിയിച്ചു. ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറന്തള്ളി പുനരധിവസിപ്പാക്കാനുള്ള നീക്കത്തിൽ പങ്കാളിത്തം വഹിക്കില്ലെന്നും ഈജിപ്ത് വ്യക്തമാക്കി.
അതേസമയം, റഫക്കു നേരെയുള്ള ആക്രമണ നീക്കത്തിൽ നിന്ന് പിന്തിരിയില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചു. ഉചിത സമയത്ത് ആക്രമണം ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ചയോടെ രാഷ്ട്രീയ നേതൃത്വത്തിനു മുമ്പാകെ സൈന്യം റഫ ആക്രമണ പദ്ധതി അവതരിപ്പിക്കുമെന്ന് ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
എന്നാൽ, വൻ മാനുഷിക ദുരന്തത്തിന് കാരണമാകുന്ന റഫ ആക്രമണത്തിന് ഇസ്രായേൽ തുനിയുമെന്ന് താൻ കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. ഈജിപ്തും ഖത്തറും മുൻകൈയെടുത്തു നടത്തുന്ന വെടിനിർത്തൽ കരാറിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സമ്മർദം മുൻനിർത്തി വെടിനിർത്തൽ കരാറിന് ഇസ്രായേൽ തങ്ങളുടെതായ മാർഗരേഖ ഉടൻ കൈമാറുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.