World
യുക്രൈനു വേണ്ടി ആയുധങ്ങള്‍ വാങ്ങി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍
World

യുക്രൈനു വേണ്ടി ആയുധങ്ങള്‍ വാങ്ങി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

Web Desk
|
28 Feb 2022 7:20 AM GMT

വിമാന വിലക്കിനു പുറമെ റഷ്യന്‍ മാധ്യമങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു

റഷ്യയുടെ ആക്രമണം ചെറുക്കാന്‍ യുക്രൈന് ആയുധ സഹായം നല്‍കാന്‍ യുറോപ്യന്‍ യൂനിയന്‍ (ഇ.യു). യുക്രൈനു വേണ്ടി ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങി നല്‍കുമെന്ന് യൂറോപ്യന്‍ കമ്മീഷൻ മേധാവി ഉര്‍സുല വോന്‍ ദെ ലയന്‍ പറഞ്ഞു. വിമാന വിലക്കിനു പുറമെ റഷ്യന്‍ മാധ്യമങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.

റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കുന്നതിനൊപ്പം യുക്രൈനിലേക്ക് അധിനിവേശം നടത്താന്‍ റഷ്യയെ സഹായിച്ച ബെലാറുസിനെതിരേയും ഉപരോധമേര്‍പ്പെടുത്താനാണ് ഇയു തീരുമാനം. നേരത്തെ റഷ്യന്‍ പ്രസിഡന്‍റിനും വിദേശകാര്യ മന്ത്രിക്കും ഉപരോധമേര്‍പ്പെടുത്തുമെന്ന് ഇ.യു പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ആദ്യമായാണ് ഒരു രാജ്യത്തിനെതിരെ ഇത്ര കടുത്ത ഉപരോധമേര്‍പ്പെടുത്തുന്നത്.

അതേസമയം റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങൾ രംഗത്തെത്തി. ജര്‍മനി, ബെല്‍ജിയം, ഇറ്റലി, ഫിന്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ വ്യോമാതിര്‍ത്തി അടച്ചു. റഷ്യൻ മാധ്യമങ്ങൾക്കും വിലക്ക് വന്നു. ഉപരോധങ്ങൾ കടുത്തതോടെ റഷ്യൻ സമ്പത് വ്യവസ്ഥ കനത്ത ആഘാതമാണ് നേരിടുന്നത്. റഷ്യൻ കറൻസിയായ റൂബിളിന്‍റെ മൂല്യം വീണ്ടും ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. റൂബിളിന്‍റെ മൂല്യം 41 ശതമാനമാണ് ഇടിഞ്ഞത്.

റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് ഒഴിവാക്കിയത് റഷ്യയുടെ വാണിജ്യ താത്പര്യങ്ങൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഉപരോധമുള്ള റഷ്യൻ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾ കണ്ടെത്തുന്നതിന് സംയുക്ത ദൗത്യസംഘത്തെ നിയോഗിക്കാനും യുഎസ്, , ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, കാനഡ എന്നിവിടങ്ങളിലെ നേതാക്കളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

Related Tags :
Similar Posts