യുക്രൈനെതിരെ റഷ്യ ഉപയോഗിച്ചത് ഇൻ്റർ കോണ്ടിനെൻ്റൽ മിസൈലോ?
|ആക്രമണത്തിൽ റഷ്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
കീവ്: യുക്രൈയ്ന് നേരെ ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) റഷ്യ പ്രയോഗിച്ചതായി റിപ്പോർട്ട്. ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യത്തിനു നേരെ ഇത്തരം മിസൈൽ റഷ്യ പ്രയോഗിക്കുന്നത്. പുതുക്കിയ ആണവനയരേഖയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഒപ്പുവെച്ചതിന് പിന്നാലെയാണ് യുക്രൈൻ ലക്ഷ്യമാക്കിയുള്ള റഷ്യൻ ആക്രമണം. കഴിഞ്ഞ ദിവസം അമേരിക്കൻ നിർമിത ആയുധങ്ങൾ റഷ്യക്കു നേരെ യുക്രൈൻ പ്രയോഗിച്ചിരുന്നു.
യുക്രൈനിലെ ഡിനിപ്രോയിലുള്ള തന്ത്രപ്രധാന കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. ഡിനിപ്രോയിൽനിന്ന് 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് മിസൈൽ തൊടുത്തത്. 5,800 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാവുന്ന ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈൽ ആറ് പതിറ്റാണ്ട് മുമ്പാണ് റഷ്യ വികസിപ്പിച്ചത്. യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങൾക്കമുള്ള ശക്തമായ മുന്നറിയിപ്പായാണ് ഇപ്പോഴത്തെ ആക്രമണം.
പരമ്പരാഗതമായി ആണവ ആയുധങ്ങൾ വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈലുകൾ. അതേസമയം മറ്റ് ആയുധങ്ങളും ഇവയ്ക്ക് വഹിക്കാനാകും. രാസായുധമായും ജൈവായുധമായും മിസൈൽ പ്രയോഗിക്കാനാകും. ഇതിനു പുറമെ നൂതന സാങ്കേതികവിദ്യയുടെ സഹോയത്തോടെ പ്രവർത്തിക്കുന്ന ഇന്‍റിപെൻഡെന്‍റ്ലി ടാർഗറ്റബിൾ റീഎൻട്രി വെഹിക്കിളും (എംഐആർവി) റഷ്യ യുദ്ധരംഗത്ത് ഉപയോഗിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മിസൈൽ യുക്രൈനിൽ പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി വ്യാഴാഴ്ച രാവിലെ യുക്രൈൻ വ്യോമസേന പ്രസ്താവനയിൽ പുറത്തുവിട്ടിരുന്നു. അതേസമയം ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ഒഴിഞ്ഞുമാറി. ഇതേക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യുക്രൈൻ യുദ്ധത്തിൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നൽകി റഷ്യയുടെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിൽ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിർണായകതീരുമാനം. ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കുമെന്നായിരുന്നു ആണവനയത്തിലെ മാറ്റം. സുപ്രധാനമായ അത്തരം ആക്രമണങ്ങൾക്കെതിരേ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. റഷ്യയിൽ യുഎസ് നിർമിത ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിനുപിന്നാലെയാണ് ഭേദഗതി കൊണ്ടുവന്നത്.