വ്യാപാരബന്ധം ശക്തമാക്കാൻ ധാരണ; ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമായി മോദി– ബൈഡൻ കൂടിക്കാഴ്ച
|വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ചും സൗഹൃദത്തിലൂടെ പുതിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു കൂടിക്കാഴ്ച
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ബൈഡൻ അമേരിക്കൻ പ്രസിഡൻറായശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു. വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ചും സൗഹൃദത്തിലൂടെ പുതിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു കൂടിക്കാഴ്ച.
വരും ദശകങ്ങളെ മുന്നിൽ കണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കാൻ ഇന്ത്യ തയാറാണെന്ന് മോദി ബൈഡനോട് പറഞ്ഞു. ഈ ദശകത്തെ നിർവചിക്കുന്നതിൽ ബൈഡന്റെ നേതൃഗുണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മോദി പ്രകീർത്തിച്ചു. ഇന്ത്യ- അമേരിക്ക ബന്ധം മുമ്പെന്നത്തേക്കാളും ശക്തമാക്കാനുള്ള സൗഹൃദത്തിന് വിത്ത് പാകിക്കഴിഞ്ഞതായി മോദി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തെ ഏറെ പ്രതീക്ഷയോടെയാണ് യു.എസ് കാണുന്നതെന്ന് ബൈഡൻ പ്രതികരിച്ചു.
40 ലക്ഷം ഇന്തോ-അമേരിക്കൻ വംശജർ അമേരിക്കയെ കരുത്തരായി നിലനിർത്താൻ ഓരോ ദിവസവും പ്രയത്നിക്കുന്നുണ്ട്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യ-അമേരിക്ക സഹകരണത്തിലൂടെ സാധിക്കുമെന്ന് ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു.