സ്വാതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുന്നു: വിദേശ ഗൂഢാലോചന ആരോപണം ആവർത്തിച്ച് ഇമ്രാൻ ഖാൻ
|പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കുന്നത് എല്ലായ്പ്പോഴും രാജ്യത്തെ ജനങ്ങളാണെന്നും ഇമ്രാൻ ഖാൻ
പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ സ്വതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുകയാണെന്നും തങ്ങളുടെ പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കുന്നത് എല്ലായ്പ്പോഴും രാജ്യത്തെ ജനങ്ങളാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പാകിസ്താൻ തഹ്രികെ ഇൻസാഫ് പാർട്ടി (പിടിഐ) നാളെ ദേശീയ അസംബ്ലിയിൽ നിന്ന് രാജിവയ്ക്കാനും തീരുമാനിച്ചു. അതേസമയം പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. രാജ്യത്തിന്റെ 23ാം പ്രധാനമന്ത്രിയായാണ് ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് ഷഹബാസ് ഷരീഫ്. ഇതുവരെ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവായിരുന്നു. നാളെ ഉച്ചക്കു ശേഷം 2 മണിക്കാണ് ദേശീയ അസംബ്ലി ചേരുക.
തഹ്രികെ ഇൻസാഫിന്റെ മുഴുവൻ എംപിമാരും ദേശീയ അസംബ്ലിയിൽ നിന്ന് രാജിവെക്കുമെന്ന് മുൻ വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് അറിയിച്ചത്. ഷഹബാസിനെ പ്രധാനമന്ത്രിയാക്കുകയല്ല തെരഞ്ഞെടുപ്പ് നടത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നാണ് പിടിഐയുടെ വാദം. ഇമ്രാൻഖാൻ തലസ്ഥാനമായ ഇസ്ലാമാബാദ് വിട്ട് മറ്റൊരിടത്തേക്ക് മാറിയതായാണ് റിപോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഇമ്രാൻഖാന് ഭരണം നഷ്ടമായത്