World
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അന്വേഷിക്കാൻ പ്രമേയം; യുഎൻ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു
World

ഗസ്സയിലെ ഇസ്രായേൽ ആക്രമണം അന്വേഷിക്കാൻ പ്രമേയം; യുഎൻ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

Web Desk
|
28 May 2021 10:39 AM GMT

ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നേപ്പാൾ, നെതർലൻഡ്‌സ്, പോളണ്ട്, ദക്ഷിണ കൊറിയ അടക്കം 13 രാഷ്ട്രങ്ങളും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎന്‍ മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും ഫലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേലിനകത്തും നടക്കുന്ന ഭരണകൂട അതിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം.

എന്നാൽ, കാലങ്ങളായി ഇന്ത്യ തുടരുന്ന ഫലസ്തീൻ അനുകൂല സമീപനത്തിൽനിന്നുള്ള മാറ്റമാണ് വോട്ടെടുപ്പിൽനിന്ന് മാറിനിന്ന പ്രതിനിധിയുടെ നടപടി സൂചിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് യുഎൻ രക്ഷാസമിതിയിലെ ഇന്ത്യൻ സ്ഥിര പ്രതിനിധി ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനുള്ള പിന്തുണ ഉറപ്പാക്കിയിരുന്നു. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഈ നയത്തിൽനിന്ന് പിന്നോട്ടുപോയിരിക്കുകയാണ് ഇന്ത്യ.

ഇന്ത്യയ്‌ക്കൊപ്പം മറ്റ് 13 രാഷ്ട്രങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നേപ്പാൾ, നെതർലൻഡ്‌സ്, പോളണ്ട്, ദക്ഷിണ കൊറിയ എന്നിവയാണു വിട്ടുനിന്ന പ്രമുഖ രാജ്യങ്ങൾ. പാകിസ്താൻ, ചൈന, ബംഗ്ലാദേശ്, റഷ്യ അടക്കം 24 അംഗരാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായും ജർമനി, ബ്രിട്ടൻ, ഓസ്ട്രിയ തുടങ്ങി ഒൻപത് അംഗങ്ങൾ എതിരായും വോട്ട് ചെയ്തു.

മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയമായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ(ഒഐസി) ആവശ്യ പ്രകാരമാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രത്യേക യോഗം ചേർന്നത്. യോഗത്തിൽ ഒഐസിയും ഫലസ്തീൻ പ്രതിനിധി സംഘവും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.

Similar Posts