നാസയുടെ പുതിയ ചാന്ദ്രദൗത്യത്തിനു പിറകിൽ ഇന്ത്യൻ വംശജ
|തമിഴ്നാട് സ്വദേശിയാണ് ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള അഭിമാന പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്
നാസയുടെ പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിന് നേതൃത്വം നൽകുന്നത് ഇന്ത്യൻ വംശജ. തമിഴ്നാട് സ്വദേശികളുടെ മകളായ സുഭാഷിണി അയ്യരാണ് നാസയുടെ ഏറ്റവും പുതിയ അഭിമാന പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് പ്രോഗ്രാമിന്റെ നട്ടെല്ലാണ് ഇവർ.
ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 50 വർഷത്തിനടുത്തായി, വീണ്ടും മനുഷ്യരെ ചന്ദ്രനിലേക്കും അതിനപ്പുറത്ത് ചൊവ്വ വരെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് നാസയെന്ന് സുഭാഷിണി ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പ്രതികരിച്ചു. ഈ അഭിമാന പദ്ധതി അന്തിമഘട്ടത്തിലെത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ് തന്റെ ചുമതലയെന്നും അവർ പറഞ്ഞു.
ആർടെമിസ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായുള്ള ചാന്ദ്രദൗത്യമാണ് നാസയുടെ അണിയറയിൽ ഒരുങ്ങുന്നത്. ആദ്യഘട്ടമായി ആളില്ലാ ബഹിരാകാശ പേടകമാണ് അയയ്ക്കുക. പേടകം ചന്ദ്രോപരിതലത്തിൽ വിശദമായ പര്യവേക്ഷണം നടത്തും. ഇതിൽനിന്നു ലഭിക്കുന്ന സൂചനകളുടെ ചുവടുപിടിച്ചാണ് ബഹിരാകാശ പര്യവേക്ഷകരുമായി രണ്ടാമത്തെ ഒറിയോൺ പേടകം ചന്ദ്രനിലേക്ക് പറക്കുക. 2024ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനാണ് നാസ പദ്ധതിയിടുന്നത്.
കോയമ്പത്തൂരിൽ ജനിച്ച സുഭാഷിണി അയ്യർ നാസയുടെ ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്ന റോക്കറ്റ് വിക്ഷേപണ സംവിധാനമായ സ്പേസ് ലോഞ്ച് സിസ്റ്റത്തിലാണ്(എസ്എൽഎസ്) രണ്ടുവർഷമായി പ്രവർത്തിക്കുന്നത്. അമേരിക്കയിലാണ് ഇപ്പോള് താമസം. തമിഴ്നാട്ടിലെ വിഎൽബി ജാനകിയമ്മ കോളേജിലായിരുന്നു വിദ്യാഭ്യാസം. കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടുന്ന ആദ്യ വനിതയുമായിരുന്നു അവര്.