142.86 കോടി ജനങ്ങള്‍; ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ
|യുഎൻ പോപുലേഷൻ ഫണ്ടിന്റെ പുതിയ ജനസംഖ്യാ റിപ്പോർട്ടിലാണ് കണക്ക് പുറത്തുവന്നത്.
ജനീവ: ലോകജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. 142.86 കോടിയാണ് നിലവില്‍ ഇന്ത്യയിലെ ജനസംഖ്യ. യുഎൻ പോപുലേഷൻ ഫണ്ടിന്റെ പുതിയ ജനസംഖ്യാ റിപ്പോർട്ടിലാണ് കണക്ക് പുറത്തുവന്നത്. ചൈനയിലെ ജനസംഖ്യ 142കോടി 57 ലക്ഷമാണ്. ചൈനയേക്കാൾ 29 ലക്ഷം ജനങ്ങള്‍ ഇന്ത്യയിൽ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
2022 ൽ 144.85 കോടിയായിരുന്ന ചൈനീസ് ജനസംഖ്യ ഈ വർഷം ആദ്യത്തിൽ 142.57 ആയി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. 1960 ന് ശേഷം ആദ്യമായാണ് ചൈനീസ് ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുന്നത്.
ഇന്ത്യയിൽ 15 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവർ ജനസംഖ്യയിലെ 66ശതമാനത്തോളം വരും. 25 ശതമാനം പേർ 14 വയസ്സിനു താഴെയുള്ളവരാണ്. 2022 ൽ 140.66 കോടിയായിരുന്ന ഇന്ത്യൻ ജനസംഖ്യയിൽ 1.56 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 1950 ന് ശേഷം ഇന്ത്യന്‍ ജനസംഖ്യയില്‍ ഒരു ബില്യണിന്‍റെ വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2011 ലാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്. 2021 ൽ നടക്കേണ്ട സെൻസസ് ഇതുവരെ നടന്നിട്ടില്ല. 34 കോടി ജനസംഖ്യയുള്ള അമേരിക്കയാണ് ജനസംഖ്യാ പട്ടികയിൽ മൂന്നാമത്. 2023 പകുതിയോടെ ആഗോള ജനസംഖ്യ 8.045 ബില്യൺ ആവുമെന്ന് റിപ്പോർട്ട് പറയുന്നു.