'മെഹുൽ ചോക്സിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള രേഖകൾ ഇന്ത്യ ഡൊമിനിക്കയിലേക്ക് അയച്ചു'
|ഖത്തർ എയർവേസിന്റെ ചെറുവിമാനത്തിലാണ് രേഖകൾ കൊടുത്തയച്ചിരിക്കുന്നതെന്ന് ആന്റിഗ്വ ആൻഡ് ബർബുഡ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ വെളിപ്പെടുത്തി
പഞ്ചാബ് നാഷനൽ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ പിടികിട്ടാപുള്ളിയായ മെഹുൽ ചോക്സിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള രേഖകൾ ഇന്ത്യ ഡൊമിനിക്കയിലേക്ക് അയച്ചതായി റിപ്പോർട്ട്. ആന്റിഗ്വ ആൻഡ് ബർബുഡ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രത്യേക വിമാനത്തിലാണ് ചോക്സിയെ നാടുകടത്താനുള്ള രേഖ ഇന്ത്യ അയച്ചിരിക്കുന്നത്. ഖത്തർ എയർവേസിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് രേഖകൾ കൊടുത്തയച്ചിരിക്കുന്നത്. വിമാനം ഡൊമിനിക്കയിലെ ഡഗ്ലസ് ചാൾസ് വിമാനത്താവളത്തിൽ ഇറങ്ങിയതായി ബ്രൗൺ പറഞ്ഞു. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ചോക്സിയെ ഡൊമിനിക്കൻ പൊലീസ് പിടികൂടിയ വെള്ളിയാഴ്ച തന്നെ ഇന്ത്യ രേഖകൾ അയച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, ഇതേക്കുറിച്ച് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൊമിനിക്കയിൽനിന്ന് നേരെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നത്. എന്നാൽ, ബുധനാഴ്ച തുറന്ന കോടതിയിൽ വാദം കേൾക്കുന്നതുവരെ മെഹുൽ ചോക്സിയെ കൈമാറരുതെന്ന് ഡൊമിനിക്ക ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പൗരത്വമില്ലാത്ത ചോക്സിയെ അങ്ങോട്ട് അയക്കാനാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിക്കുന്നത്. ആന്റിഗ്വയിലാണ് ചോക്സിക്ക് പൗരത്വമുള്ളത്. ഇതിനാൽ, ആന്റിഗ്വയ്ക്കു മാത്രമേ ഇദ്ദേഹത്തെ കൈമാറാനാകുവെന്ന് അഭിഭാഷകൻ വിശദീകരിച്ചു.
ആന്റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് കടയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിലായത്. അതിനിടെ, ഡൊമിനിക്കയിലെ ജയിലിൽനിന്നുള്ള ചോക്സിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. കൈയിൽ മുറിയുടേതെന്നു തോന്നിക്കുന്ന പാടുള്ള ചിത്രമാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്.