World
ഉഷ്ണതരംഗം, വരൾച്ച, മഴ, കൊടുങ്കാറ്റ്: ഇന്ത്യയെ കൂടുതല്‍ പ്രകൃതി ദുരന്തങ്ങൾ കാത്തിരിക്കുന്നുവെന്ന് മുന്നറിയിപ്പ്
World

ഉഷ്ണതരംഗം, വരൾച്ച, മഴ, കൊടുങ്കാറ്റ്: ഇന്ത്യയെ കൂടുതല്‍ പ്രകൃതി ദുരന്തങ്ങൾ കാത്തിരിക്കുന്നുവെന്ന് മുന്നറിയിപ്പ്

Web Desk
|
9 Aug 2021 2:05 PM GMT

ആഗോളതാപനം നിയന്ത്രണാതീതമായെന്നും മനുഷ്യ, ജന്തുജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ അന്തരീക്ഷ താപനില വർധിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഐപിസിസി പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു

വരുംപതിറ്റാണ്ടുകളിൽ ഇന്ത്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്(ഐപിസിസി) വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടിലാണ് കൂടുതൽ പ്രകൃതിദുരന്തങ്ങൾക്കു തയാറെടുക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഗോളതാപനം നിയന്ത്രണാതീതമായിരിക്കുകയാണെന്നും മനുഷ്യ, ജന്തുകുലങ്ങളുടെ അതിജീവനത്തിന് ഭീഷണിയാകുന്ന തരത്തിൽ അന്തരീക്ഷ താപനില വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഐപിസിസി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

'കാലാവസ്ഥാ വ്യതിയാനം 2021: ഭൗതികശാസ്ത്രാടിസ്ഥാനം' എന്ന തലക്കെട്ടിൽ തയാറാക്കിയ ഐപിസിസിയുടെ ആറാം അവലോകന റിപ്പോർട്ടിന്റെ ആദ്യ ഭാഗത്താണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുള്ളത്. ഉഷ്ണതരംഗം, വരൾച്ച, കനത്ത മഴ, കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വരും വർഷങ്ങളിൽ ഉഷ്ണതരംഗവും ഉഷ്ണസമ്മർദവും കൂടുതൽ തീവ്രമാകും. മഴകൂടുകയും കാർഷിക, പരിസ്ഥിതി വരൾച്ചയുടെ സാധ്യതയേറുകയും ചെയ്യും. 195 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നിരവധി ശാസ്ത്രജ്ഞർ ചേർന്നാണ് റിപ്പോർട്ടിന് അന്തിമരൂപം നൽകിയത്.

കാലാവസ്ഥാ വ്യതിയാന റിപ്പോർട്ടിലെ മറ്റു പ്രധാന നിരീക്ഷണങ്ങൾ

1. ആഗോള താപനില അതിവേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. 2030ഓടെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസിലെത്തും. രണ്ടു വർഷം മുൻപ് പ്രതീക്ഷിച്ചതിലും വേഗത്തിലായിരിക്കുമിത്.

2. സമുദ്രനിരപ്പും അതിവേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. 1901-1971 കാലയളവിൽ പ്രതിവർഷം 1.3 മില്ലി മീറ്റർ ആയിരുന്നത് 2006നും 2018നും ഇടയിൽ 3.7 മി.മീറ്റർ ആയി കുത്തനെ ഉയർന്നിട്ടുണ്ട്.

3. മനുഷ്യരുടെ ഇടപെടലാണ് ഇത്തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളുടെ പ്രധാന കാരണം.

4. നഗരങ്ങളാണ് ആഗോളതാപനത്തിന്റെ പ്രധാന ഹോട്‌സ്‌പോട്ടുകൾ. ജല, സത്യലതാദികളുടെ ദൗർലഭ്യവും നഗരങ്ങളിൽ താപനം കൂടാൻ ഒരു കാരണമാണ്.

5. 1950കൾ മുതൽ തന്നെ ഉഷ്ണതരംഗം ഉൾപ്പെടെയുള്ള സംഭവങ്ങൾ സ്വാഭാവികമായിരിക്കുകയാണ്.

6. പത്തു വർഷത്തിലൊരിക്കലും 50 വർഷത്തിലൊരിക്കലും സംഭവിക്കാറുള്ള അത്യുഷ്ണവും കനത്ത മഴയും വരൾച്ചയും അടക്കമുള്ള പ്രകൃതി-കാലാവസ്ഥാ ദുരന്തങ്ങൾ തീവ്രമാകുകയും പതിവാകുകയും ചെയ്തിരിക്കുന്നു.

7. പ്രത്യേക കാലാവസ്ഥാ ദുരന്തങ്ങളുടെ കൃത്യമായ കാരണം കണ്ടെത്തുക പ്രയാസമാണെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങളുടെ വ്യാപ്തിയിലും സാധ്യതയിലും മനുഷ്യ ഇടപെടലുകൾക്ക് എത്രമാത്രം പങ്കുണ്ടെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോൾ കണക്കാക്കാൻ കഴിയും.

8. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം പരിമിതപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നതിലും ഹരിത ഗൃഹവാതകം പുറന്തള്ളുന്നതിലും വലിയ തോതിലുള്ള കുറവുണ്ടാകേണ്ടതുണ്ട്.

Similar Posts