ഇന്ത്യ-യുഎസ് പ്രിഡേറ്റർ ഡ്രോൺ കരാർ ഇന്ന് ഒപ്പുവെക്കും
|ഡ്രോണുകളിൽ 15 എണ്ണം ഇന്ത്യൻ നേവിയിലേക്കും ബാക്കിയുള്ളവ തുല്യമായി വ്യോമസേനയ്ക്കും കരസേനയ്ക്കും വിഭജിച്ച് നൽകും
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് വേണ്ടി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള 32,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും യുഎസും ഇന്ന് ഒപ്പുവെക്കും.
പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) കഴിഞ്ഞയാഴ്ചയാണ് അനുമതി നൽകിയത്. ഡ്രോണുകളിൽ 15 എണ്ണം ഇന്ത്യൻ നേവിയിലേക്കും ബാക്കിയുള്ളവ തുല്യമായി വ്യോമസേനയ്ക്കും കരസേനയ്ക്കും വിഭജിച്ച് നൽകും.
31 പ്രിഡേറ്റർ ഡ്രോണുകളുടെയും എംആർഒയുടെയും യുഎസ് സർക്കാരുമായുള്ള ഫോറിൻ മിലിട്ടറി വിൽപ്പന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറുകളിൽ ഒപ്പിടുന്നതിനായി അമേരിക്കൻ സൈനിക, കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടെ സംഘം ഡൽഹിയിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി യുഎസുമായുള്ള കരാറിനെ കുറിച്ച് ഇന്ത്യ ചർച്ച ചെയ്തു വരികയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് യുഎസുമായി കരാറിലെത്താൻ തീരുമാനിച്ചത്.
ചെന്നൈയ്ക്കടുത്തുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്പൂർ എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിലാണ് ഇന്ത്യ ഡ്രോണുകൾ സ്ഥാപിക്കുന്നത്.