'ഇന്ത്യ വിയന്ന കരാർ ലംഘിച്ചു'; ആരോപണങ്ങൾ ആവർത്തിച്ച് കാനഡ
|അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇന്ത്യൻ സർക്കാർ നടത്തിയതെന്ന് ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ: ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കെതിരായ ആരോപണങ്ങൾ തുടർന്ന് കാനഡ. ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് നിജ്ജാറിന്റെ കൊലപാതകത്തിൽ ബന്ധമുണ്ടെന്ന് തുടക്കംതൊട്ടേ തങ്ങൾക്കു വിശ്വസ്ത വിവരം ലഭിച്ചിരുന്നുവെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 40 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഇന്ത്യ എടുത്തുകളഞ്ഞെന്നും വിയന്ന കരാർ ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രൂഡോ. ഗുരുതരമായ വിഷയത്തിൽ ഇന്ത്യയുമായി നിർമാണാത്മകമായി സഹകരിച്ചുപ്രവർത്തിക്കാനാണു തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ട്രൂഡോ വ്യക്തമാക്കി. തുടക്കത്തിൽ തന്നെ ആശങ്കാജനകമായ വിവരങ്ങൾ തങ്ങൾ പങ്കുവച്ചിരുന്നു. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടു സഹകരണം ആവശ്യപ്പെട്ടു. യു.എസ് ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സഹായവും തേടിയെന്നും ട്രൂഡോ പറഞ്ഞു.
എന്നാൽ, ഇന്ത്യ വിയന്ന കരാർ ലംഘിച്ചത് തീർത്തും നിരാശപ്പെടുത്തിയെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യയിലുള്ള 40ഓളം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷയാണ് ഏകപക്ഷീയമായി എടുത്തുമാറ്റിയത്. അന്താരാഷ്ട്ര നിയമങ്ങളുടെയും ജനാധിപത്യ പരമാധികാരത്തിന്റെയും ഗുരുതരമായ ലംഘനമാണിത്.
ഇതിനെ ഗൗരവത്തോടെയാണു തങ്ങൾ കാണുന്നത്. അന്വേഷണ ഏജൻസികളും നീതിന്യായ സംവിധാനങ്ങളും ഉൾപ്പെടെ എല്ലാവരുമായും ചേർന്നു പ്രവർത്തിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ കൂട്ടിച്ചേർത്തു.
Summary: 'Disappointed That India Violated Vienna Convention,' Says Justin Trudeau Once Again Amid India-Canada Diplomatic Standoff