വീടിന് തീപിടിച്ച് യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭകയ്ക്ക് ദാരുണാന്ത്യം
|സംഭവ ദിവസം പുലർച്ചെ വ്യായാമത്തിനിറങ്ങിയ പിതാവ് ഗോബിന്ദ് ആണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്
ന്യൂയോർക്ക് സിറ്റി; യുഎസിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയായ സംരംഭകയ്ക്ക് ദാരുണാന്ത്യം. ലോംഗ് ഐലൻഡ് സ്വദേശിനിയായ തന്യ ബതീജ(32) ആണ് മരിച്ചത്.
ലോംഗ് ഐലൻഡിലെ സുഫോൾക്ക് കൗണ്ടിയിൽ ഡിസംബർ 14നായിരുന്നു സംഭവം. തന്യയും വളർത്തുനായയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കാൾസ് സ്‌ട്രെയ്റ്റ് പാത്തിൽ മാതാപിതാക്കളുടെ വീടിന് പിന്നിലായി ഒരു കോട്ടേജിലായിരുന്ന തന്യയുടെ താമസം. സംഭവ ദിവസം പുലർച്ചെ വ്യായാമത്തിനിറങ്ങിയ പിതാവ് ഗോബിന്ദ് ആണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും തീയും പുകയും ശക്തമായിരുന്നതിനാൽ സാധിച്ചില്ല.
60ഓളം അഗ്നിശമന സേനാംഗങ്ങളെത്തിയാണ് കോട്ടേജിലെ തീ അണച്ചത്. പുക ശ്വസിച്ച് അവശനിലയിലായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തന്യയുടെ സംസ്‌കാരം പിന്നീട് നടക്കും.