താലിബാനുമായി ചർച്ചയ്ക്ക് ഇന്ത്യ; ദൗത്യസംഘം അഫ്ഗാനിൽ
|അഫ്ഗാൻ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ടെന്നും ദീർഘകാലമായുള്ള ആ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി
കാബൂൾ: താലിബാനുമായി ചർച്ച നടത്താൻ ഇന്ത്യൻ ദൗത്യസംഘം അഫ്ഗാനിസ്താനിലെത്തി. യു.എസ് സേനാ പിന്മാറ്റത്തിനു പിന്നാലെ താലിബാൻ ഭരണം പിടിച്ച രാജ്യത്തേക്ക് ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗിക സംഘത്തെ അയയ്ക്കുന്നത്. അവശ്യവസ്തുക്കൾക്കടക്കം ക്ഷാമം നേരിടുന്ന അഫ്ഗാനിസ്താന് മാനുഷിക സഹായം എത്തിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രതിസന്ധി സംഘത്തെ അയച്ചതെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന വിവരം.
കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിലെ ഇന്ത്യൻ കാര്യാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും നാട്ടിലേക്കു മടങ്ങിയിരുന്നു. അഫ്ഗാൻ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ടെന്നും ദീർഘകാലമായുള്ള ആ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സംഘം താലിബാന്റെ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 15ന് അഫ്ഗാനിസ്താനിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളായതിനെ തുടർന്നാണ് ഇന്ത്യക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ബാഗ്ച്ചി പറഞ്ഞു. അതേസമയം, തദ്ദേശീയരായ ജീവനക്കാർ പ്രവർത്തനം തുടരുകയും അഫ്ഗാനിലെ നമ്മുടെ വാഗ്ദാനങ്ങൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായം എത്തിച്ചുനൽകുന്ന കാര്യം ഇന്ത്യ-താലിബാൻ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നും അരിന്ദം ബാഗ്ച്ചി കൂട്ടിച്ചേർത്തു.
അഫ്ഗാനിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങൾ പ്രതിനിധി സംഘം സന്ദർശിക്കും. അതേസമയം, സംഘത്തിൽ ആരെല്ലാമുണ്ടെന്ന കാര്യം വ്യക്തമല്ല. സന്ദർശനം എത്ര ദിവസം നീണ്ടുനിൽക്കുമെന്നും എവിടെയൊക്കെ സന്ദർശിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ, അഫ്ഗാനുള്ള മാനുഷിക സഹായമായി നേരത്തെ 20,000 ടൺ ഗോതമ്പും ഇന്ത്യ അയച്ചിരുന്നു. 13 ടൺ മരുന്നുകളും 5,00,000 ഡോസ് കോവിഡ് വാക്സിനും തണുപ്പിൽനിന്ന് രക്ഷനേടാനുള്ള വസ്ത്രങ്ങളും അഫ്ഗാന് നൽകിയിരുന്നു. മരുന്നുകളും ഭക്ഷ്യധാന്യങ്ങളുമടക്കമുള്ള കൂടുതൽ സഹായങ്ങൾ അയക്കാനിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പാകിസ്താൻ അഫ്ഗാനിൽ കൂടുതൽ സ്വാധീനമുറപ്പിക്കുന്ന സാഹചര്യത്തിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
Summary: An Indian delegation reached in Afghanistan to meet the Taliban leaders for the first time since August last year