യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി
|എല്ലാ ഇന്ത്യക്കാരും ഖാർകീവ് വിട്ടൊഴിഞ്ഞു. ഇനി രക്ഷാപ്രവർത്തനത്തിന്റെ ഊന്നൽ സുമിയിലാണുണ്ടാകുക
ഇന്ത്യൻ വിദ്യാർഥികൾ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ സുമിയിലുള്ളവർ കുറച്ചുകൂടി കാത്തിരിക്കണമെന്നും യുക്രൈൻ സർക്കാറുമായും പൗരന്മാരുമായും സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. അവസാനത്തെയാളെയും രക്ഷിക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും എംബസി പറഞ്ഞു.
അതേസമയം, എല്ലാ ഇന്ത്യക്കാരും ഖാർകീവ് വിട്ടൊഴിഞ്ഞു. ഇനി രക്ഷാപ്രവർത്തനത്തിന്റെ ഊന്നൽ സുമിയിലാണുണ്ടാകുക. അവിടെ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന് പ്രതീക്ഷ. അതുവരെ സുമിയിലെ ഷെൽട്ടറുകളിൽ വിദ്യാർത്ഥികൾ തുടരണമെന്നാണ് വിദേശ കാര്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. സ്വന്തം നിലയിൽ രക്ഷപ്പെടുമെന്ന വിദ്യാർഥികളുടെ നിലപാട് പുറത്തുവന്നതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റിസ്‌ക് എടുക്കരുതെന്നു വിദേശ കാര്യമന്ത്രാലയം ഓർമിപ്പിച്ചു. അതേസമയം, യുക്രൈൻ രക്ഷാപ്രവർത്തനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടക്കുന്നുണ്ട്.
തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യാ ഗവൺമെന്റും എംബസിയുമായിരിക്കും ഉത്തരവാദികളെന്ന് സുമിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും അവസാന ശ്രമമെന്ന നിലയിൽ തങ്ങൾ അതിർത്തിയിലേക്ക് നീങ്ങുകയാണെന്നും വിദ്യാർഥികൾ സന്ദേശത്തിൽ പറഞ്ഞു. ''രണ്ട് നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഞങ്ങൾ അറിഞ്ഞത്. അതിൽ മരിയുപോളിലേക്ക് സുമിയിൽ നിന്ന് 600 കിലോ മീറ്റർ ദൂരമുണ്ട്. രാവിലെ മുതൽ ഇവിടെ തെരുവ് യുദ്ധത്തിന് സമാനമായ രീതിയിൽ ഷെല്ലാക്രമണം നടക്കുകയാണ്. ഞങ്ങൾ ഏറെ നേരെ കാത്തിരിന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. ഞങ്ങൾ അതിർത്തിയിലേക്ക് നീങ്ങുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യൻ എംബസിയും ഗവൺമെന്റുമായിരിക്കും ഉത്തരവാദികൾ. 'മിഷൻ ഗംഗ' ഒരു വലിയ പരാജയമാണ്. ഇത് ഞങ്ങളുടെ അവസാന വീഡിയോയാണ്. അവസാന അഭ്യർഥനയാണ്- വിദ്യാർഥികൾ പറഞ്ഞു.
മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. യുദ്ധഭൂമിയിൽ കുടുങ്ങിയവർക്ക് സുരക്ഷിതമായി പുറത്തുകടക്കാനാണ് ഇത്തരമൊരു സുരക്ഷിത ഇടനാഴി ഒരുക്കിയത്. സുമിയിലെ ഒഴികെ മറ്റു നഗരങ്ങളിലെ വിദ്യാർഥികളെല്ലാം ഏറെക്കുറെ രക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സുമിയിലെ വിദ്യാർഥികളുടെ ആശങ്ക വർധിച്ചത്. യുദ്ധം തുടങ്ങിയത് മുതൽ ബങ്കറുകളിൽ നടക്കുന്ന സുമിയിലെ വിദ്യാർഥികൾ ഏറെ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരുവ് യുദ്ധത്തിന് സമാനമായ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ പുറത്തിറങ്ങി ഭക്ഷണമോ വെള്ളമോ വാങ്ങാൻ പറ്റാത്ത സാഹചര്യമാണ്. സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളെല്ലാം തീർന്നിരിക്കുകയാണ്. കുടിവെള്ളം തീർന്നതിനാൽ മഞ്ഞ് ഉരുക്കിയെടുത്താണ് വിദ്യാർഥികൾ വെള്ളമായി ഉപയോഗിക്കുന്നത്.
Indian embassy said Indian students would have to wait to cross the western border of Ukraine.