രൂക്ഷമായ യുദ്ധത്തിന് സാധ്യത; യുക്രൈനിലെ മൂന്ന് നഗരങ്ങളിൽ പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി
|കർഫ്യൂ കർശനമായി പാലിക്കണം, ജനജീവിതം പുനസ്ഥാപിക്കുന്നത് വരെ പുറത്തിറങ്ങരുത്, റെയിൽവേ സ്റ്റേഷനിൽ പോവരുത് തുടങ്ങിയ നിർദേശങ്ങളാണ് എംബസി നൽകിയിരിക്കുന്നത്.
രൂക്ഷമായ യുദ്ധത്തിന് സാധ്യതയുള്ളതിനാൽ മൂന്ന് നഗരങ്ങളിൽ പുറത്തിറങ്ങരുതെന്ന് പൗരൻമാർക്ക് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. കിയവ്, കാർക്കിവ്, സുമി എന്നീ നഗരങ്ങളിലാണ് അതിജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
കർഫ്യൂ കർശനമായി പാലിക്കണം, ജനജീവിതം പുനസ്ഥാപിക്കുന്നത് വരെ പുറത്തിറങ്ങരുത്, റെയിൽവേ സ്റ്റേഷനിൽ പോവരുത് തുടങ്ങിയ നിർദേശങ്ങളാണ് എംബസി നൽകിയിരിക്കുന്നത്.
അതിനിടെ റഷ്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി വ്യക്തമാക്കി. ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് നിർദേശിച്ചു എന്ന 'റഷ്യ ടുഡേ'യുടെ വാർത്ത വന്നതിനു തൊട്ടു പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കിയത്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.