ഇതാണ് 'മധുരപ്രതികാരം': ഗുലാബ് ജാമൂന്‍ കൊണ്ടുപോകാൻ വിസമ്മതിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് മധുരം പങ്കിട്ട് ഇന്ത്യക്കാരന്‍
|തായ്‍ലാൻഡിലെ ഫുക്കറ്റ് എയർപോർട്ടിലെ ജീവനക്കാര്‍ക്കാണ് ഇന്ത്യക്കാരനായ യാത്രക്കാരന്‍ മധുരം നല്‍കിയത്
ബാങ്കോക്ക്: മിക്ക വിമാനത്താവളത്തിലും യാത്രക്കാരുടെ ബാഗിന്റെ ഭാരം കൂടിയാൽ സാധനങ്ങള്‍ നീക്കം ചെയ്യാറുണ്ട്. എത്രത്തോളം ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ അനുവദനീയമായ അളവിൽ കൂടുതൽ ഭാരം ബാഗിനുണ്ടായേക്കാം. ഈ അവസരത്തിൽ ബാഗിലെ സാധനങ്ങൾ വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടിവരുന്നതും സ്ഥിരം സംഭവമാണ്.
തായ്‍ലാൻഡിലെ ഫുക്കറ്റ് എയർപോർട്ടിലും ഇതുപോലെ ഒരു യാത്രക്കാരനെ ഉദ്യോഗസ്ഥർ തടഞ്ഞു. ഇന്ത്യക്കാരനായ ഹിമാൻഷു ദേവ്ഗനിന്റെ ബാഗിൽ അമിതഭാരമുണ്ടാക്കിയത് ഒരു ടിൻ ഗുലാബ് ജാമൂനായിരുന്നു. അതെടുത്ത് മാറ്റണമെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാൽ അത് ഉപേക്ഷിക്കാൻ ദേവ്ഗണിന് മനസ് വന്നില്ല. ഉടൻ തന്നെ അദ്ദേഹം ചെയ്ത നടപടിയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനാ ഉദ്യോഗസ്ഥർക്ക് ദേവഗൺ ഗുലാബ് ജാമൂൺ കഴിക്കാനായി കൊടുത്തു. ആദ്യം മടിച്ചുനിന്നെങ്കിലും ജീവനക്കാർ ഗുലാബ് ജാമുനുകൾ ആസ്വദിച്ചുകഴിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.ഈ ദിവസത്തെ മികച്ച തുടക്കം!' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
സെപ്തംബർ 24 ന് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ഇതുവരെ 1.2മില്യന്‍ കാഴ്ചക്കാരും 66,311-ലധികം ലൈക്കുകളും ലഭിച്ചു. യാത്രക്കാരന്റെ തീരുമാനം ഉചിതമായിരുന്നെന്നും അദ്ദേഹത്തിന്റെ ആവശ്യത്തെ സന്തോഷത്തോടെ സ്വീകരിച്ച എയർപോർട്ട് ജീവനക്കാരെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
'ഗുലാബ് ജാമുനെ അകത്തേക്ക് കടത്തിവിടാത്തതിന് മധുര ശിക്ഷ.ഇത് മനോഹരമാണ്,' ഒരാൾ കമന്റ് ചെയ്തു. സ്വാദിഷ്ടമായ ഭക്ഷ്യവസ്തുവിനെ ചവറ്റുകൊട്ടയിലേക്ക് തള്ളാതിരിക്കാനുള്ള മികച്ച നീക്കമായിരുന്നു ഇതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.