ഗിനിയയിൽ പിടിയിലായ മലയാളികൾ അടങ്ങുന്ന സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും; വി. മുരളീധരൻ
|കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേരാണ് കപ്പലിലുള്ളത്.
ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേരാണ് കപ്പലിലുള്ളത്.
ഗിനിയൻ സേന പിടികൂടിയ കപ്പൽ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം. ഇത് തടയാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയവും എംബസിയും ആരംഭിച്ചതായി വി. മുരളീധരൻ അറിയിച്ചു. ഇതിനായി നൈജീരിയൻ സർക്കാരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തും.
തങ്ങൾ വലിയ ആശങ്കയിലാണെന്ന് കപ്പലിൽ കുടുങ്ങിയ മലയാളികൾ പറഞ്ഞു. സംഘാംഗങ്ങളിൽ പലരും പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. നൈജീരിയയ്ക്ക് കൈമാറുന്നത് തടയാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് വിജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം.
ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഓ ടെർമിനലിൽ ക്രൂഡോയിൽ നിറയ്ക്കാൻ എത്തിയ കപ്പൽ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേർ അടങ്ങുന്ന സംഘത്തിൽ 16 പേർ ഇന്ത്യക്കാരാണ്. ഇതിൽ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പടെ മൂന്നുപേർ മലയാളികളാണ്.