![Indian national sent to jail for 188 months for distributing child porn Indian national sent to jail for 188 months for distributing child porn](https://www.mediaoneonline.com/h-upload/2023/03/24/1358833-15.webp)
കുട്ടികളുടെ അശ്ലീല വീഡിയോകൾ പങ്കുവച്ചു; യുഎസിൽ ഇന്ത്യക്കാരന് 15 വർഷം തടവുശിക്ഷ
![](/images/authorplaceholder.jpg?type=1&v=2)
34കാരനായ പ്രതി യുഎസിൽ ഒരു ക്രൂയിസ് കപ്പലിലെ ജീവനക്കാരനായിരുന്നു.
വാഷിങ്ടൺ: കുട്ടികളുടെ അശ്ലീല വീഡിയോകൾ സഹജീവനക്കാരന് അയച്ചുകൊടുത്ത സംഭവത്തിൽ ഇന്ത്യക്കാരന് അമേരിക്കയിൽ 15 വർഷം തടവുശിക്ഷ. ഗോവ സ്വദേശിയായ ആഞ്ചെലോ വിക്ടർ ഫെർണാണ്ടെസിനാണ് ഫെഡറൽ ഡിസ്ട്രിക്ട് കോടതി 188 മാസം തടവുശിക്ഷ വിധിച്ചതെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു.
34കാരനായ പ്രതി യുഎസിൽ ഒരു ക്രൂയിസ് കപ്പലിലെ ജീവനക്കാരനായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യം പകർത്തിയ കേസിൽ മുമ്പ് ശിക്ഷിക്കപ്പെട്ട ഡാനിയൽ സ്കോട്ട് ക്രോയ്ക്ക് ഫെർണാണ്ടസ് 2022ൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനിലൂടെ 13 കുട്ടികളുടെ അശ്ലീല വീഡിയോകൾ അയച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രായപൂർത്തിയാവാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്ന രീതിയിൽ യാത്ര ക്രമീകരിക്കാൻ ഫെർണാണ്ടസ് ക്രോയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും അതിനായി അവരെ കെണിയിൽ വീഴ്ത്താനുള്ള തന്റെ കഴിവിനെ കുറിച്ചും പ്രതി മറ്റൊരാളോട് സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.
കപ്പലിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീലവീഡിയോ ചിത്രീകരിക്കുകയും ചെയ്‌തതിന് 2022ൽ 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മറ്റൊരു ജീവനക്കാരനാണ് ഡാനിയൽ സ്‌കോട്ട് ക്രോ.
കേസിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. 2022 ഡിസംബർ 12നാണ് ക്രോയെ തടവിന് ശിക്ഷിച്ചത്. 38കാരനായ ക്രോ ഫ്ലോറിഡയലെ സ്റ്റുവർട്ട് സ്വദേശിയായ ഇയാളും ക്രൂയിസ് കപ്പൽ ജീവനക്കാരനായിരുന്നു.