![സിംഗപ്പൂരിൽ ഇന്ത്യൻ വംശജ കുടുംബം വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തി സിംഗപ്പൂരിൽ ഇന്ത്യൻ വംശജ കുടുംബം വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തി](https://www.mediaoneonline.com/h-upload/2022/11/21/1333562-maid.webp)
സിംഗപ്പൂരിൽ ഇന്ത്യൻ വംശജ കുടുംബം വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തി
![](/images/authorplaceholder.jpg?type=1&v=2)
14 മാസങ്ങൾ നീണ്ട നിരന്തര പീഡനങ്ങൾക്കൊടുവിലാണ് പിയാങ് മരണപ്പെടുന്നത്.
സിംഗപ്പൂരിൽ വീട്ടുജോലിക്കാരിയായ യുവതിയെ നിരന്തരം ഉപദ്രവിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത് ഇന്ത്യൻ വംശജരായ കുടുംബം. മ്യാന്മർ സ്വദേശിനിയായ പിയാങ് എൻഗൈ ഡോണിനെ ആണ് 41കാരിയും ഭർത്താവും അമ്മയും അടങ്ങുന്ന കുടുംബം ക്രൂര പീഡനങ്ങൾക്ക് ഇരയാക്കി മരണത്തിലേക്ക് തള്ളിവിട്ടത്. സംഭവത്തിൽ പ്രതികളിലൊരാളായ പ്രേമ എസ് നാരായണസാമി എന്ന 64കാരി തിങ്കളാഴ്ച കുറ്റം സമ്മതിച്ചു.
48 കുറ്റങ്ങളാണ് ഇവർ സമ്മതിച്ചിരിക്കുന്നത്. ഇതിൽ വേലക്കാരിയെ സ്വമേധയാ മുറിവേൽപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ഉൾപ്പെടുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. 24കാരിയായ പിയാങ് തലച്ചോറിനേറ്റ ക്ഷതത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. 14 മാസങ്ങൾ നീണ്ട നിരന്തര പീഡനങ്ങൾക്കൊടുവിലാണ് പിയാങ് മരണപ്പെടുന്നത്.
തന്റെ മകൾ വേലക്കാരിയെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്നറിഞ്ഞതോടെയാണ് 64കാരിയും ഉപദ്രവം ആരംഭിച്ചത്. അവർ പിയാങ്ങിന് മേൽ ചൂടുവെള്ളം ഒഴിക്കുകയും ചവിട്ടുകയും തല്ലുകയും പട്ടിണിക്കിടുകയും ചെയ്തു. കൂടാതെ കഴുത്തിന് പിടിച്ച് ഞെക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പതിഞ്ഞത്.
സംഭവത്തിൽ പ്രേമയുടെ മകളും പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായ ഗായത്രി മുരുഗായനെ 2021ൽ 30 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 41കാരിയായ ഗായത്രി 28 കുറ്റങ്ങൾ സമ്മതിക്കുകയും മറ്റ് 87 കുറ്റങ്ങൾ കൂടി ചാർത്തുകയും ചെയ്ത ശേഷമാണ് ശിക്ഷ വിധിച്ചത്.
ഇവരുടെ വീട്ടിൽ ജോലിക്കെത്തിയപ്പോൾ 39 കിലോ തൂക്കമുണ്ടായിരുന്ന പിയാങ് മരിക്കുമ്പോൾ വെറും 24 കിലോ ആയിരുന്നു ഭാരം. ഈ കേസ് കുറ്റകരമായ നരഹത്യയുടെ ഏറ്റവും ഹീനമായ കേസുകളിൽ ഒന്നാണെന്നും മരിക്കുന്നതിന് മുമ്പ് പിയാങ് ഏറെക്കാലം ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ സഹിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ജഡ്ജി സീ കീ ഊൺ ചൂണ്ടിക്കാട്ടി.
വീട്ടുജോലിക്കാരിയെ മാരകമായി പീഡിപ്പിച്ച സംഭവത്തിൽ ഗായത്രിയുടെ 43കാരനായ ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾക്കെതിരെയും നിരവധി കുറ്റങ്ങൾ ചുമത്തിയിരുന്നു.
ഓരോ കുറ്റത്തിനും പ്രേമയ്ക്ക് രണ്ട് വർഷം വരെ തടവും 5000 സിംഗപ്പൂർ ഡോളർ വരെ പിഴയും ശിക്ഷ ലഭിക്കും. ഗാർഹിക വേലക്കാരികൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ വർധിപ്പിച്ച സാഹചര്യത്തിൽ പ്രേമയ്ക്ക് ഒന്നര ഇരട്ടി വരെ ശിക്ഷ ലഭിച്ചേക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.