സ്റ്റാർബക്സിനെ ഇനി നരസിംഹൻ നയിക്കും; പുതിയ സി.ഇ.ഒയായി ഇന്ത്യൻ വംശജൻ
|2023 ഏപ്രിലിലായിരിക്കും ഔദ്യോഗിക സ്ഥാനാരോഹണം
ആഗോള കോഫി ശൃംഖലയായ സ്റ്റാർബക്സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെ നിയമിച്ചു. ഏപ്രിലിലായിരിക്കും ഔദ്യോഗിക സ്ഥാനാരോഹണം. നിലവിൽ ഹെൽത്ത് ആൻഡ് ഹൈജീൻ കമ്പനിയായ റെക്കിറ്റിന്റെ തലവനായ നരസിംഹൻ ഒക്ടോബറിലായിരിക്കും സ്റ്റാർബക്സിലേക്ക് എത്തുക. ചുമതലയേൽക്കുന്നതിന് മുമ്പ് താത്കാലിക സിഇഒ ഷുൾട്സുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ചുമതല കൈമാറിയ ശേഷം ഷുൾടസ് നരസിംഹന്റെ ഉപദേശകനായി ചുമതലയേല്‍ക്കുമെന്നും കമ്പനി അറിയിച്ചു.
പൂനെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ലക്ഷ്മൺ നരസിംഹൻ പെൻസിൽവാനിയ സർവകലാശാലയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, ഇന്റർനാഷണൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ എംബിഎയും നേടിയിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഡിലോയിറ്റിലെ പുനിത് റെൻജെൻ,ഫെഡെക്സിന്റെ രാജ് സുബ്രഹ്മണ്യം ആൽഫബെറ്റിലെ സുന്ദർ പിച്ചൈ, അഡോബിലെ ശന്തനു നാരായൺ, പെപ്സികോയുടെ ഇന്ദ്രനൂയി, മാസ്റ്റർകാർഡിന്റെ അജയ് ബംഗ തുടങ്ങിയവരാണ് പ്രമുഖ യുഎസ് കോർപ്പറേറ്റ് കമ്പനികളുടെ സിഇഒ നിയമിതരായ മറ്റിന്ത്യൻ വംശജർ