യു.എസിൽ നിർത്തിയിട്ട കാറില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു
|നെഞ്ചിലും കഴുത്തിലും വെടിയേറ്റ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ന്യൂയോർക്ക്: വീടിന് സമീപത്തെ തെരുവിൽ നിർത്തിയിട്ട കാറിലിരുന്ന ഇന്ത്യൻ വംശജൻ വെടിയേറ്റുമരിച്ചു. 31 കാരനായ സത്‌നാം സിംഗാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 3.45 ഓടെ തോക്കുധാരിയാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തതെന്ന് ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.
നെഞ്ചിലും കഴുത്തിലും വെടിയേറ്റ സിംഗിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. സിങ് കടം വാങ്ങിയ എസ്.യു.വി കാറായിരുന്നു ഇതെന്നും പൊലീസ് അറിയിച്ചു. അതുകൊണ്ട് തന്നെ കൊലയാളി സിംഗിനെയാണോ കാറിന്റെ യഥാർഥ ഉടമയെ കൊല്ലാൻ ഉദ്ദേശിച്ചുവന്നതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
കാറിലാണ് തോക്കുധാരി എത്തിയത്. വെടിയുതിർത്ത ശേഷം കൊലപാതകി വേഗത്തിൽ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇതും പരിശോധിച്ചുവരികയാണ്. മേരിലാന്റിൽ ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു.