ഇന്ത്യൻ വംശജനായ വിദ്യാർഥി അമേരിക്കയിൽ കൊല്ലപ്പെട്ടു; റൂംമേറ്റ് പിടിയിൽ
|ഇവർ രണ്ടു പേരും മാത്രമായിരുന്നു മുറിയിൽ താമസിച്ചിരുന്നത്.
ഇൻഡ്യാന: യു.എസിലെ ഇൻഡ്യാനയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാലയിൽ ഡാറ്റ സയൻസ് വിദ്യാർഥിയായ 20കാരനായ വരുൺ മനീഷ് ഛേദയാണ് കൊല്ലപ്പെട്ടത്. സർവകലാശാല ഡോർമിറ്ററിയിൽ വച്ചായിരുന്നു സംഭവം.
സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മനീഷിന്റെ കൂടെ താമസിക്കുന്ന കൊറിയൻ വംശജനാണ് അറസ്റ്റിലായത്. ജൂനിയർ സൈബർ സെക്യൂരിറ്റി മേജറും വിദ്യാർഥിയുമായ ജി മിൻ (22) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
ഇയാൾ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. മിനിറ്റുകൾക്ക് ശേഷം സ്ഥലത്തെത്തി പൊലീസ് ഷായെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇവർ രണ്ടു പേരും മാത്രമായിരുന്നു മുറിയിൽ താമസിച്ചിരുന്നത്.
ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്ന് പർഡ്യൂ യൂണിവേഴ്സിറ്റി പൊലീസ് മേധാവി ലെസ്ലി വൈറ്റ് പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച രാത്രി മനീഷ് സുഹൃത്തുക്കളുമായി ഓൺലൈനിൽ ഗെയിം കളിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് നിലവിളി കേട്ടതായി ബാല്യകാല സുഹൃത്ത് എൻ.ബി.സി ന്യൂസിനോട് പറഞ്ഞു.
കൊലപാതകത്തെ അപലപിച്ച യൂണിവേഴ്സിറ്റി മേധാവി സംഭവം അതിദാരുണമാണെന്നും പറഞ്ഞു. കൊല്ലപ്പെട്ട വിദ്യാർഥിയുടെ കുടുംബാംഗങ്ങളുടെ ദുഃത്തിൽ പങ്കുചേരുന്നതായും അവർ അറിയിച്ചു.