ബ്രിട്ടന് പിന്നാലെ അയർലൻഡിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാവുന്നു
|രണ്ടര വർഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
ഡബ്ലിൻ: ബ്രിട്ടനിൽ ഋഷി സുനക്കിനു പിന്നാലെ അയൽരാജ്യമായ അയർലൻഡിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാവുന്നു. ഫിനഗേൽ പാർട്ടി ലീഡറും നിലവിലെ ഉപ പ്രധാനമന്ത്രിയുമായ ലിയോ വരാഡ്കറാണ് ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഡിസംബർ 15ന് അദ്ദേഹം സ്ഥാനമേൽക്കും.
കൂട്ടുമന്ത്രിസഭാ ധാരണ പ്രകാരം ലിയോയാണ് ഇപ്പോഴത്തെ മന്ത്രിസഭയുടെ അവസാന ടേമിൽ പ്രധാനമന്ത്രിയാകേണ്ടത്. രണ്ടര വർഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. ഫീയനാഫോൾ നേതാവ് മീഹോൾ മാർട്ടിനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. 43കാരനായ ലിയോയുടെ രണ്ടാമൂഴമാണ് ഇത്.
നേരത്തെ 2017ൽ ലിയോ വരാഡ്കർ തന്റെ 38ാം വയസിൽ പ്രധാനമന്ത്രിയായിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണ് കൂട്ടുകക്ഷി ഭരണം വേണ്ടിവന്നത്. 2011-16 കാലഘട്ടത്തിൽ ലിയോ വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നു.
1960കളിൽ മുംബൈയിൽ നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരാഡ്കറുടെയും ബ്രിട്ടനിൽ നഴ്സായിരുന്ന അയർലൻഡിലെ വാട്ടർഫോർഡ്കാരിയായ മിറിയത്തിന്റെയും മകനാണ് ലിയോ. പിന്നീട് ലിയോയുടെ കുടുംബം ബ്രിട്ടനിൽ നിന്ന് അയർലൻഡിലേക്കു കുടിയേറുകയായിരുന്നു.
ട്രിനിറ്റി കോളജിൽ നിന്നു മെഡിസിൻ പഠനം പൂർത്തിയാക്കിയ ലിയോ കുറച്ചു കാലം മുംബൈയിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. കോവിഡ് കാലത്ത് അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരികെ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.