ഫലസ്തീൻ വംശഹത്യക്കെതിരെ പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ
|തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അറസ്റ്റിലായത്
ക്യാമ്പസിനുള്ളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന്റെ പേരിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അറസ്റ്റിലായത്. അചിന്ത്യയെ അച്ചടക്കനടപടിയുടെ ഭാഗമായി ക്യാമ്പസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. സഹ വിദ്യാർത്ഥിയായ ഹസ്സൻ സെയിദിനൊപ്പമാണ് അചിന്ത്യയെ അറസ്റ്റ് ചെയ്തതെന്ന് പ്രിൻസ്റ്റൺ അലുമ്നി വീക്കിലി റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാർഥികൾ യൂണിവേഴ്സിറ്റിയിലെ മക്കോഷ് കോർട്ട്യാർഡിൽ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്. കുത്തിയിരിപ്പ് സമരം നടത്തിയവരിൽ നിന്ന് രണ്ടുവിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ 110 പേരാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ, വിദ്യാർഥികളുടെ അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു.
പ്രതിഷേധം നിർത്തി ക്യാമ്പസ് വിട്ടുപോകണമെന്ന പൊതു സുരക്ഷാ വകുപ്പിൻ്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പിന് ശേഷമാണ് രണ്ട് ബിരുദ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി വക്താവ് ജെന്നിഫർ മോറിൽ പറഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും ജെന്നിഫർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
കൊടുംക്രൂരതക്ക് വിധേയരാകുന്ന ഫലസ്തീനികൾക്ക് വേണ്ടി തങ്ങളുടെ സുരക്ഷ പോലും കണക്കിലെടുക്കാതെ പ്രതിഷേധത്തിനായി മുന്നോട്ടുവന്ന പ്രിൻസ്റ്റൺ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ചരിത്ര അസോസിയേറ്റ് പ്രൊഫസറായ മാക്സ് വെയ്സ് രംഗത്തെത്തി. വിദ്യാർത്ഥികളുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.
പ്രിൻസ്റ്റൺ സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ (എസ്ജെപി), പ്രിൻസ്റ്റൺ പലസ്തീൻ ലിബറേഷൻ കോയലിഷൻ, പ്രിൻസ്റ്റൺ ഇസ്രയേലി അപാർത്തീഡ് ഡൈവെസ്റ്റ് (പിഐഎഡി) എന്നിവയുൾപ്പെടെയുള്ള കാമ്പസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിദ്യാർത്ഥി പ്രതിഷേധം അടിച്ചമർത്താൻ സർവകലാശാല അധികൃതരും പോലീസും രംഗത്തുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ യുഎസ് ക്യാമ്പസുകളിൽ നിന്ന് അറസ്റ്റിലായത് 550 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കുറഞ്ഞത് 61 പ്രതിഷേധകരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ, ജോർജിയയിലെ അറ്റ്ലാൻ്റയിലെ എമോറി യൂണിവേഴ്സിറ്റിയിൽ 28 പേരും ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ 33 പേരും അറസ്റ്റിലായി.