World
Indian student stabbed to death in Australia, two brothers from Haryana arrested
World

ആസ്ത്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്നു; സഹോദരങ്ങൾ അറസ്റ്റിൽ

Web Desk
|
8 May 2024 3:05 PM GMT

മെൽബണിൽ എംടെക് വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട നവ്ജീത്.

ക്യാൻബെറ: ആസ്ത്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ സഹോദരങ്ങളായ യുവാക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിൽ. ഹരിയാന കർണാൽ സ്വദേശി നവ്ജീത് സന്ധു (22) ആണ് കൊല്ലപ്പെട്ടത്. ആസ്ത്രേലിയയിലെ മെൽബണിലെ ഓർമോൺട് ഹോമിൽ ഞായറാഴ്ചയായിരുന്നു സംഭവം.

കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അഭിജിത് (26), റോബിൻ ​ഗാർതൻ (27) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ​ഗോൾബേണിൽ നിന്നാണ് വിക്ടോറിയ പൊലീസ് സംഘം ഇരുവരെയും പിടികൂടിയത്. കർണാൽ സ്വദേശികൾ തന്നെയാണ് പ്രതികളും. മെൽബണിൽ എംടെക് വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട നവ്ജീത്.

കർണാലിലെ ബസ്താര സ്വദേശികളാണ് പ്രതികളായ സഹോദരങ്ങൾ. നവജീത് സന്ധുവിനെ കൂടാതെ 30കാരനായ ഷർവൺ കുമാറിനെയും പ്രതികൾ ആക്രമിച്ചിരുന്നു. പരിക്കേറ്റ കുമാർ ചികിത്സയിലാണ്. കൊലയ്ക്കു ശേഷം രണ്ട് പ്രതികളും ഒളിവിൽ പോവുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് കർണാലിലെ ഗാഗ്‌സിന സ്വദേശിയായ സന്ധുവിൻ്റെ നെഞ്ചിൽ മാരകമായി കുത്തേറ്റത്. വാടകയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദ്യാർഥികൾ തമ്മിലുള്ള വഴക്കിൽ ഇടപെടാൻ ശ്രമിച്ചപ്പോഴാണ് സന്ധുവിനെ കത്തികൊണ്ട് ആക്രമിച്ചതെന്ന് കർണാൽ നിവാസിയായ അമ്മാവൻ യശ്വർ പറഞ്ഞു. കർഷകന്റെ മകനായ നവ്ജീത് 2022 നവംബറിലാണ് സ്റ്റഡി വിസയിൽ ആസ്ത്രേലിയയിൽ എത്തിയത്.

Similar Posts