World
സംസാരം നിര്‍ത്തൂ പ്രവര്‍ത്തിച്ചു തുടങ്ങൂ; ഉച്ചകോടി വേദിയില്‍ താരമായി ഇന്ത്യന്‍ വിദ്യാര്‍ഥിനി
World

'സംസാരം നിര്‍ത്തൂ പ്രവര്‍ത്തിച്ചു തുടങ്ങൂ'; ഉച്ചകോടി വേദിയില്‍ താരമായി ഇന്ത്യന്‍ വിദ്യാര്‍ഥിനി

Web Desk
|
3 Nov 2021 2:25 PM GMT

ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളെ മുന്നിലിരുത്തി അവരുടെ പരിസ്ഥിതി വിഷയങ്ങളിലെ കാപട്യങ്ങളെ ചോദ്യം ചെയ്യുന്ന വിനിഷയുടെ പ്രഭാഷണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്

ഗ്ലാസ്‌ഗോവിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ താരമായി ഇന്ത്യൻ വിദ്യാർഥിനി. തമിഴ്‌നാട് സ്വദേശിനി വിനിഷാ ഉമാ ശങ്കറെന്ന 14 കാരിയാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതകയെക്കുറിച്ച് പ്രഭാഷണം നടത്തി ഉച്ചകോടി വേദിയിൽ ശ്രദ്ധ നേടിയത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളെ മുന്നിലിരുത്തി അവരുടെ പരിസ്ഥിതി വിഷയങ്ങളിലെ കാപട്യങ്ങളെ ചോദ്യം ചെയ്യുന്ന വിനിഷയുടെ പ്രഭാഷണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'ലോക നേതാക്കൾ നൽകുന്ന വ്യാജവാഗ്ദാനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും വാക്ക് പാലിക്കാതിരിക്കുകയും ചെയ്യുന്ന നേതാക്കളോട് ഞങ്ങളുടെ തലമുറക്ക് അമർഷമാണ്. എല്ലാവരും സംസാരം നിർത്തി പ്രവർത്തിക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ഫോസിൽ ഇന്ധനങ്ങൾ സൃ്ഷ്ടിക്കുന്ന പുകക്ക് മുകളിൽ കെട്ടിയുയർത്തിയ സമ്പത്‌വ്യവസ്ഥയെ ആരും പിന്തുണക്കരുത്. ഞാൻ ഇന്ത്യയെ മാത്രം പ്രതിനിധീകരിച്ചല്ല ലോകത്തിന്‍റെ മുഴുവൻ പ്രതിനിധിയായാണ് നിങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നത്. പരിസ്ഥിതിയെ ഭാവി തലമുറകൾക്ക് മാറ്റി വക്കാൻ നമുക്കാവണം'. വിനിഷ പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണടക്കമുള്ള നേതാക്കളെ വേദിയിലിരുത്തിയാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് വിനിഷ കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിച്ചത്.

എക്കോ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെയാണ് വിനിഷക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്. തമിഴ്‌നാട് തിരുവണ്ണാമലെയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് വിനിഷ.

Similar Posts