ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ; കാലാവസ്ഥ അനുകൂലമായാൽ ഇന്ത്യയിലെത്തിക്കും; ഇറാൻ പ്രതിനിധി
|ഇന്ത്യൻ പൗരന്മാർ തടങ്കലിലല്ല; സുരക്ഷിതരെന്ന് ഇറാൻ പ്രതിനിധി
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കുകപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇറാൻ പ്രതിനിധി. 17 ഇന്ത്യൻ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവർ തടങ്കലിലല്ലെന്നും എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാമെന്നും ഇന്ത്യയിലെ ഇറാൻ പ്രതിനിധി ഇറാജ് എലാഹി പറഞ്ഞു.
നിലവിൽ പേർഷ്യൻ ഗൾഫ് പ്രദേശത്തെ കാലാവസ്ഥ മോശമാണ്, കാലാവസ്ഥ അനുകൂലമായാൽ ഇന്ത്യൻ പൗരന്മാർക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് ഇറാൻ വൃത്തം വ്യക്തമാക്കി.
കാലാവസ്ഥ നന്നായാൽ കപ്പലിലേക്ക് ബോട്ടുകൾ അയക്കുമെന്നും പൗരന്മാരെ കരയിലെത്തിച്ച് തിരിച്ചുവരാൻ അവസരമൊരുക്കുമെന്നും ഇറാൻ വൃത്തങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.
തങ്ങളുടെ ലക്ഷ്യം ഇസ്രായേൽ അത്ര ശക്തരല്ല എന്ന് തെളിയിക്കുകയും അവർക്ക് മറുപടി കൊടുക്കുകയും സൈന്യകശക്തിയെ നശിപ്പിക്കുകയുമാണെന്നും ഇസ്രായേൽ പ്രതിനിധി വ്യക്തമാക്കി.
ഇറാനും ഇസ്രായേലും തമ്മിലുള്ള ദൂരം തങ്ങൾക്ക് അതിർത്തി കടക്കാൻ ബുദ്ധിമുട്ടല്ലെന്നും ഇറാൻ ആക്രമണത്തിൽ പറ്റിയ നാശനഷ്ടങ്ങൾ മറയ്ക്കാൻ ഇസ്രായേൽ ശ്രമിക്കുകയാണെന്നു ഇറാജ് എലാഹി കൂട്ടിച്ചേർത്തു.
ഈ മാസമാദ്യം സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇക്കും ഇറാനുമിടയിലുള്ള ഹോർമുസ് കടലിടുക്കിൽനിന്ന് കപ്പൽ പിടിച്ചെടുത്തത്. ഇതിനു പിന്നാലെ ഇന്നലെ വിവിധ ഇസ്രായേൽ പ്രദേശങ്ങൾക്കുനേരെ ഇറാന്റെ ഡ്രോൺ ആക്രമണവും നടന്നു. കപ്പൽ യു.എ.ഇയിൽനിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തേക്കു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.